
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനി കൈമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമം. കമ്പനി കൈമാറാനുള്ള തീരുമാനം മൂന്നു മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി. കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഭെല്ലിന്റെ പക്കലുള്ള 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാരിന് നൽകാനുള്ള തീരുമാനം നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
2016 ൽ കമ്പനിയിൽ ഭെല്ലിന്റെ 51 ശതമാനം ഓഹരികൾ ഒഴിയാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. 49 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് കാണിച്ച് കത്തും നൽകി. ഇതുപ്രകാരം പഴയതു പോലെ പൂർണ്ണമായും സംസ്ഥാന പൊതുമേഖല കമ്പനിയാക്കി മാറ്റാൻ 2017 ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചെങ്കിലും രണ്ടര വർഷം വൈകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതിനു ശേഷം വർഷം ഒന്ന് കഴിഞ്ഞിട്ടും കരാറിന് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചില്ല. കഴിഞ്ഞ ജൂൺ 25 ന് എസ്.ടി.യു ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് അഡ്വ. പി.ഇ. സജൽ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.നാഗരേഷിന്റെ വിധി.
ഓർഡറുകൾ നഷ്ടമായി; ശമ്പളം മുടങ്ങി
കൈമാറ്റനടപടികൾ നീണ്ടു പോയതിനാൽ 2018 ഡിസംബർ മുതൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കയാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം അടക്കാത്തതിനാൽ വിരമിക്കുന്ന ജീവനക്കാർക്ക് പി.എഫ് പെൻഷനും ഗ്രാറ്റിവിറ്റിയും ലഭിച്ചിട്ടില്ല. പ്രവർത്തന മൂലധനമില്ലാത്തതിനാൽ ഉത്പാദനവും മുടങ്ങി. കൈവശമുണ്ടായിരുന്ന ഓർഡറുകളും നഷ്ടപ്പെട്ടു. കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ജീവനക്കാർ സമരവഴിയിലാണ്. കഴിഞ്ഞ ഏഴു മാസമായി പ്രവർത്തനരഹിതമായ കമ്പനിക്കും ജീവനക്കാർക്കും പുതിയ പ്രതീക്ഷ നൽകുന്നതാണ് ഹൈക്കോടതിയുടെ വിധി.