
കണ്ണൂർ: 2010 ലെ കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ നിയമം ഭേദഗതി ചെയ്യുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിൽ അലങ്കാരമത്സ്യക്കൃഷിയിലേർപ്പെട്ടവർ. ഭേദഗതി സംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു.പ്രധാനമായും അലങ്കാര മത്സ്യങ്ങളുടെ ഇറക്കുമതിയ്ക്കും പ്രദർശനത്തിനും നിയന്ത്രണം വരുമെന്നതാണ് ഭേദഗതിയിൽ ഏറ്റവും ആശങ്കയുളവാക്കുന്ന നിബന്ധന.
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളാണ് സ്വയംതൊഴിൽ എന്ന നിലയിൽ അലങ്കാര മത്സ്യ കൃഷി നടത്തി ഉപജീവനം നടത്തുന്നത്. അലങ്കാര മത്സ്യങ്ങളുടെ പ്രദർശനത്തിലൂടെയാണ് കർഷകർ മിക്കപ്പോഴും വിപണി കണ്ടെത്തുന്നത്. ഭേദഗതി നിയമം ആകുന്നതോടെ പ്രദർശന കാലയളവ് കുറയും. അലങ്കാര മത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും ഭേദഗതിയിൽ വിലക്കുണ്ട്.അതെ സമയം അലങ്കാര മത്സ്യ ഉൽപാദന യൂണിറ്റിൽ നിന്നും അലങ്കാര മത്സ്യങ്ങൾ വിൽപന നടത്തുന്നതിനോ വീടുകളിൽ അക്വേറിയത്തിൽ അലങ്കാര മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നതിനോ തടസ്സമുണ്ടാകില്ല. ഭേദഗതി പ്രകാരം ലൈസൻസില്ലാത്ത ഒരാൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ അലങ്കാര മത്സ്യങ്ങളുടെ കൃഷിയിലോ വിപണനത്തിലോ ഏർപ്പെടാൻ കഴിയില്ല.ടിക്കറ്റ് വച്ച് 30 ദിവസത്തിന് മുകളിൽ പ്രദർശനം സംഘടിപ്പിക്കരുതെന്ന നിർദ്ദേശത്തേയും ഏറെ ആശങ്കയോടെയാണ് നിക്ഷേപകർ കാണുന്നത്.
പ്രധാന ഭേദഗതികൾ
ഉൾനാടൻ മത്സ്യ സമ്പത്ത് വളർത്തുന്നതിനും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മത്സ്യ തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും നാശോന്മുഖമാകുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രജനനകാലത്ത് അവയെ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനുമാണ് ഭേദഗതി എന്ന് സർക്കാർ വിശദീകരണം.അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദർശനത്തിനും നിയന്ത്രണം വരും. ലൈസൻസില്ലാത്ത ഒരാൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ അലങ്കാര മത്സ്യങ്ങളുടെ കൃഷിയിലോ വിപണനത്തിലോ ഏർപ്പെടാൻ കഴിയില്ല. ടിക്കറ്റ് വച്ച് അലങ്കാര മത്സ്യങ്ങളെ മുപ്പത് ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിക്കാൻ പാടില്ല . അലങ്കാര മത്സ്യ കൃഷിയിൽ ഏർപ്പെട്ടിട്ടിരിക്കുന്നവർക്ക് ഏത് പരിധിവരെ അത് നിർവ്വഹിക്കാമെന്ന് ഭേദഗതിയിൽ പറയുന്നില്ല.
'നിരവധി അലങ്കാര മത്സ്യങ്ങൾ വിദേശങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്.ഫൈറ്റർ പോലുള്ള അലങ്കാര മത്സ്യങ്ങൾ തായ്ലാന്റിൽനിന്നും ഗോൾഡൻ ഫിഷ് പോലുള്ള അലങ്കാര മത്സ്യങ്ങൾ ചെന്നൈയിൽനിന്നുമാണ് മിക്ക കൃഷിക്കാരും കൊണ്ടുവരുന്നത്. രാജ്യത്തിനകത്ത് നിന്ന് അലങ്കാര മത്സ്യങ്ങളെ കൊണ്ടുവരാമോ എന്നത് ഭേഗഗതിയിൽ എടുത്തുപറയുന്നില്ല. ഇക്കാര്യത്തിലുള്ള ആശങ്ക പരിഹരിക്കപ്പെടേണ്ടതുണ്ട്-
കണ്ണപുരം പെറ്റ്സ് പാർക്ക് ഉടമ വിനോദ് കണ്ണപുരം