
കാസർകോട്: പെട്ടെന്ന് ഒരു ദിവസം തന്നിൽ നിന്നും അകന്നുപോയ കുഞ്ഞനുജത്തിയുടെ ഓർമ്മയിൽ വീഡിയോ ആൽബം പുറത്തിറക്കി ആറാം ക്ലാസ് വിദ്യാർത്ഥിനി സമൂഹമാദ്ധ്യമങ്ങളിൽ താരമായി. കൊടക്കാട് വലിയപൊയ്യിൽ നാലിലാങ്കണ്ടം ജി.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ധനലക്ഷ്മിയാണ് വീഡിയോ ആൽബം പുറത്തിറക്കിയത്.
വലിയപൊയിലിലെ സി.ഡി ബിനോയിയുടെയും സജ്ന ബിനോയിയുടെയും മകളാണ് ധനലക്ഷ്മി. തന്റെ കുഞ്ഞനുജത്തിയുടെ ഓർമ്മയിൽ കവിത എഴുതി സംഗീതം പകർന്ന് ആലപിച്ച് അഭിനയിച്ച് വീഡിയോ ആൽബം പുറത്തിറക്കിയ പതിനൊന്ന് വയസ്സുകാരി ധനലക്ഷ്മി ഇന്ന് താരമാണ്. 2017 സെപ്തംബർ 18 നായിരുന്നു അനുജത്തിയുടെ ജനനം. ഒന്നരവയസുള്ളപ്പോൾ ആ കുഞ്ഞ് മരിച്ചു. അനുജത്തിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ധനലക്ഷ്മിയ്ക്ക്. . അനുജത്തിയുടെ ആ ഓർമ്മകൾ ഒരു ഡയറിയിൽ സ്ഥിരമായി കുറിച്ച് വെക്കുമായിരുന്നു ധനലക്ഷ്മി. വീഡിയോ ആൽബത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചത് ധനലക്ഷ്മി തന്നെയാണ്.
ആൽബത്തിൽ പാടി അഭിനയിച്ചതും ധനലക്ഷ്മിതന്നെ. നീ എങ്ങുപോയി എന്ന പേരിലാണ് വീഡിയോ ആൽബം. നിപയെ കുറിച്ച് എഴുതിയ കവിതയും നേരത്തെ ശ്രദ്ധേയമായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ പ്രതിരോധത്തിനായി സ്വന്തമായി കവിത എഴുതി പാടി അഭിനയിച്ച വീഡിയോ ആൽബവും വൈറലായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രശാന്ത് നീലേശ്വരത്തിന് കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നുണ്ട് ധനലക്ഷ്മി.