പഴയങ്ങാടി: മാടായി പഞ്ചായത്തിലുൾപ്പെട്ട പുതിയങ്ങാടി കുണ്ടായി ഇട്ടമ്മലിലെ ജലവകുപ്പിന് അധീനതയിലുള്ള കൂറ്റൻ വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപൊത്താൻ പാകത്തിൽ. അപകടാവസ്ഥ മുന്നിൽ കണ്ടിട്ടും അധികൃതർ ഇതുവരെ കുലുങ്ങിയിട്ടില്ല
ശക്തമായ മഴയിൽ ടാങ്കിന് അടിയിലെ മണ്ണ് ഒലിച്ച് ടാങ്ക് ഒരു ഭാഗത്തേക്ക് ചെരിഞ്ഞിട്ടാണുള്ളത്. റോഡിനോട് ചേർന്ന് നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് ഈ ടാങ്കുള്ളത്. ഉപയോഗ്യശൂന്യമായി വർഷങ്ങളായിട്ടും അപകടാവസ്ഥയിലുള്ള ടാങ്ക് പൊളിച്ച് നീക്കുന്നതിന് ജലവകുപ്പോ പഞ്ചായത്തോ തയ്യാറായിട്ടില്ല.
കുണ്ടായി ഇട്ടമ്മൽ, ഏരിപ്രം ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന് 48വർഷം മുമ്പ് ജലസേചന വകുപ്പ് സ്ഥാപിച്ചതാണ് ടാങ്ക്. പുതിയങ്ങാടിയിൽ നിന്ന് മുട്ടം ഭാഗത്തേക്കുള്ള റോഡിനോട് ചേർന്നുള്ള ടാങ്ക് പൊട്ടിവീണാൽ വലിയ അപകടം തന്നെ സംഭവിച്ചേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.