logo

എൻഡോസൾഫാൻ ദുരിതബാധിതർക്കും ആശ്വാസം

കണ്ണൂർ: എൻഡോസൾഫാൻ ദുരിതബാധിതരായ വിദ്യാർത്ഥികളുൾപ്പടെ കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് സർവകലാശാല പരീക്ഷകളിൽ ഗ്രേസ് മാർക്ക് അനുവദിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നിർദേശത്തെ അടിസ്ഥാനമാക്കി മാനദണ്ഡങ്ങൾ തയ്യാറാക്കാൻ പരീക്ഷാകാര്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.

ബയോ കെമിസ്ട്രി, ബയോ ഇൻഫോമാറ്റിക്സ് വിഷയങ്ങളിൽ പ്രത്യേകം പഠന ബോർഡുകൾ രൂപീകരിക്കുന്നതിന് സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യാനും തീരുമാനിച്ചു. ലോക്ക്ഡൗൺ കാലത്ത് പഠനപ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ നിയോഗിച്ച ഡോ. ബി. ഇഖ്ബാൽ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കും. തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിനെ സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയമിച്ചു. കോളേജ് ഹൈക്കോടതിയിൽ നൽകിയ കേസിൽ അപ്പീൽ സമർപ്പിക്കാൻ തീരുമാനിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർക്ക് ബിരുദ പ്രവേശനത്തിന് അടുത്ത വർഷം മുതൽ വെയ്റ്റേജ് മാർക്ക് നൽകാൻ തീരുമാനമായി.

2014, 2015, 2016 വർഷങ്ങളിൽ ബിരുദാനന്തര ബിരുദ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ പരാജയപ്പെട്ടവർക്കായി ഒറ്റത്തവണ മേഴ്സി ചാൻസ് പരീക്ഷ നടത്താനും തീരുമാനിച്ചു. ഓൺലൈനായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

താവക്കര ആസ്ഥാനത്ത്

ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ

സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. താവക്കര സർവകലാശാല ആസ്ഥാനത്തിന് വേണ്ടി അക്വയർ ചെയ്ത ഭൂമിയുടെ വിലയിൽ ഹൈക്കോടതി വിധി പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക ഗ്രാന്റിന് അപേക്ഷ നൽകും. ഭൂമി അക്വയർ ചെയ്ത നടപടി ക്രമങ്ങളും കേസ് നടത്തിപ്പുകളും സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു.