തലശ്ശേരി: ദ്വൈ ശതാബ്ദി പിന്നിട്ട തലശ്ശേരി കോടതി അങ്കണത്തിൽ പുതുതായി പണിയുന്ന എട്ട് നില കോർട്ട് കോംപ്ലക്സിന് ഇന്ന് ശിലയിടും. വൈകിട്ട് 4.30ന് ഓൺലൈനിൽ ഒരുക്കുന്ന സജ്ജീകരണ സംവിധാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവ്വഹിക്കുമെന്ന് ജില്ലാ സെഷൻസ് ജഡ്ജ് ഡോ. ബി. കലാംപാഷയും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.ജി. അരുണും അറിയിച്ചു. ശിലാസ്ഥാപനചടങ്ങിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും.

ദ്വൈ ശതാബ്ദി കെട്ടിടത്തിന് മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായാണ് ബഹുനില കെട്ടിടം പണിയുന്നത്. ഇതിന് സൗകര്യമൊരുക്കാനായി കോടതി കോംപൗണ്ടിലെ പഴയ കാന്റീൻ കെട്ടിടങ്ങളും നിലവിൽ പ്രവർത്തിച്ചിരുന്ന എ.പി. പി ഓഫീസും പോസ്റ്റ് ഓഫീസും പൊളിച്ചുനീക്കിയിട്ടുണ്ട്.