തലശ്ശേരി: അത്യാധുനിക സംവിധാനങ്ങളോടെ ബഹുനില കോടതി സമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശിലയിടുമ്പോൾ തലശ്ശേരിക്ക് ഓർക്കാൻ ഏറെയുണ്ട്. രാജ്യത്ത് നീതിന്യായ വ്യവസ്ഥിതി രൂപപ്പെടും മുമ്പുതന്നെ, വൈദേശിക ആഗമനത്തിനും മുമ്പ് നിയമവാഴ്ച നിലനിന്ന പൈതൃകനഗരമാണിത്.
നാടുവാഴി ഭരണത്തിൽ നാട്ടു മുഖ്യസ്ഥന്മാരായിരുന്നു തർക്കങ്ങളിൽ തീർപ്പ് കൽപ്പിച്ചിരുന്നത്. വിദേശികളുടെ ആഗമനത്തോടെ വ്യാപാര വാണിജ്യ കാര്യങ്ങളിൽ വ്യവസ്ഥകളുണ്ടായി.1792 ൽ ടിപ്പു സുൽത്താനിൽ നിന്നു മലബാർ പിടിച്ചെടുക്കുന്നത് വരെയുള്ള വർഷങ്ങളിൽ കരം പിരിക്കാനുള്ള 'ജമാ ബന്തി സമ്പ്രദായം നിലനിന്നു.
ബ്രിട്ടീഷുകാർ 1802 ൽ ജില്ലാ കോടതി സ്ഥാപിച്ചു. ചിലരേഖകളിൽ 1806 മുതലാണെന്നും കാണുന്നുണ്ട്. 1843 ൽ ജില്ലാ ജഡ്ജി സിവിൽ ആൻഡ് സെഷൻസ് ജഡ്ജ് എന്ന സ്ഥാനപേരിലാണറിയപ്പെട്ടത്. 1875 ൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എന്നാക്കി. 1802 ന് ശേഷം മൂന്ന് ജഡ്ജിമാരുള്ള ഒരു പ്രവിശ്യാ കോടതിയും നിലവിൽ വന്നു. ഇവരിൽ രണ്ട് ജഡ്ജിമാർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച കേസുകൾ കേട്ടിരുന്നു.1816ൽ മുൻസിഫ് കോടതി വന്നു.1845 ൽ പ്രിൻസിപ്പൽ സദർ ആമീൻ കോടതിയുമുണ്ടായി.
അതിപ്രഗത്ഭരായവർ ഇവിടെ ജഡ്ജിമാരായിരുന്നിട്ടുണ്ട്. ആദ്യ ജില്ലാ ജഡ്ജിയായി 1802ൽ ചുമതലയേറ്റത് എച്ച്.ക്ലിഫ്രൻ സായിപ്പായിരുന്നു. പഴശ്ശി യുദ്ധം നയിച്ച തോമസ്യെ ഹാർവെ ബാബറും ജില്ലാ ജഡ്ജിയായിരുന്നിട്ടുണ്ട്. മലബാർ മാന്വലിന്റെ കർത്താവായ വില്യം ലോഗൻ മലബാർ കളക്ടറും, ജില്ലാ ജഡ്ജിയുമായിരുന്നു. പിന്നീട് മദിരാശിക്കോടതിയിലെത്തിയ ലൂയിസ് മുർ (1885) ആണ് മലബാർ നിയമങ്ങളും, സമ്പ്രദായങ്ങളും എന്ന കൃതി രചിച്ചത്. ജെ.ഡബ്ല്യു. റീഡ് ആണ് 1869 പ് ബാർ ലൈബ്രറി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഇന്നും ഈ ലൈബ്രറി അറിയപ്പെടുന്നത്.
ഇ.എൻ ഓവർബറിയാണ് മറ്റൊരു ന്യായാധിപൻ. ഹൈക്കോടതികളിലും, സുപ്രീം കോടതിയിലും വെട്ടിത്തിളങ്ങിയ അഭിഭാഷകരും, ജഡ്ജിമാരും ഏറെയാണ്. ഒ ചന്തുമേനോൻ ജുഡിഷ്യൽ സർവീസിലാണ് ജോലി ചെയ്തത്. വി.ആർ. കൃഷ്ണയ്യർ, മുസ്ലിം നിയമത്തിൽ അഗാധ പാണ്ഡിത്യമുള്ള ജസ്റ്റീസ് വി. ഖാലിദ്, പ്രമുഖ നീതി പാലകരായ ടി.വി. രാ മകൃഷ്ണൻ, കെ. ഭാസ്കരൻ, പി.വി. നാരായണൻ നമ്പ്യാർ, പി.എ. മുഹമ്മദ് എ.കെ. ബഷീർ, കെ.കെ. ശശിധരൻ (ചെന്നൈ ഹൈക്കോടതി) തുടങ്ങിയവരും അഡ്വ. ജനറൽ എം.കെ. ദാമോധരൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി .... അങ്ങിനെ പ്രമുഖരുടെ നിര നീളും. ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ വിധിന്യായങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിരുന്നു.