പിലിക്കോട്: ഹരിതകേരളം മിഷന്റെ ഭാഗമായി നാടിന്റെ പച്ചപ്പ് വീണ്ടെടുക്കുന്നതിന് പിലിക്കോട് ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ പച്ചത്തുരുത്തുകൾ നാടിനു സമർപ്പിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിലായി 17 പച്ചത്തുരുത്തുകളാണ് ഒരുക്കിയത്. ഏതാണ്ട് രണ്ടര ഏക്കറോളം സ്ഥലങ്ങളിലായാണ് തുരുത്തുകൾ വളർന്നുവരുന്നത്.
സംസ്ഥാനതല പ്രഖ്യാപനത്തിനുശേഷം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മറത്തുകളി പൂരക്കളി ആചാര്യൻ പി.പി മാധവൻ പണിക്കർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശ്രീധരന് അനുമോദന പത്രം കൈമാറി. വൈസ് പ്രസിഡന്റ് പി.ശൈലജ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർ അശ്വിനി റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദാമോദരൻ, അസിസ്റ്റൻറ് സെക്രട്ടറി പി. ശ്രീലേഖ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.രമേശൻ സ്വാഗതം പറഞ്ഞു. കരക്കേരു പച്ചത്തുരുത്തിൽ മറത്തുകളി പൂരക്കളി ആചാര്യൻ പി.പി മാധവൻ പണിക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരൻ എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു തുടർ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.