mahali

കാഞ്ഞങ്ങാട്: കാർഷികോത്പന്നങ്ങളിൽ മികച്ച വില കിട്ടുന്ന അടക്കയ്ക്ക് മഹാളി രോഗം. ഇതാകട്ടെ കർഷകർക്ക് ഇരട്ടപ്രഹരമായി. അടക്ക ഉത്പാദനത്തിൽ 90 ശതമാനം വരെ നഷ്ടമുണ്ടാക്കുന്ന രോഗമാണ് മഹാളി അഥവാ കായ അഴുകൽ. കോളി രോഗം എന്ന പേരിലും ഇത് അറിയപ്പെടുന്നു. വർഷ കാലത്താണ് സാധാരണയായി ഈ രോഗം കണ്ടുവരുന്നത്. കനത്ത മഴയിൽ രോഗം നിയന്ത്രിക്കുക പ്രയാസമാണ്.
ഫൈറ്റോഫ് തോറ അരക്കെ വിഭാഗത്തിൽ പെട്ട കുമിളുകളാണ് രോഗകാരികൾ. മണ്ണിലും രോഗബാധയേറ്റ അടക്കകളിലും പൂങ്കുലകളിലുമൊക്കെ ഈ രോഗകാരികളെ കാണാം. കുറഞ്ഞ അന്തരീക്ഷതാപനിലയും തുടർച്ചയായ മഴയും മൂടി കെട്ടിയ കാലാവസ്ഥയും ഉയർന്ന ആർദ്രതയും റബ്ബർ തോട്ടങ്ങളുടെ സാമീപ്യവുമൊക്കെ രോഗവ്യാപനത്തിനും രോഗതീവ്രതക്കും കാരണമാകുന്നു. കാറ്റിലൂടെയാണ് രോഗം പകരുന്നത്.

രോഗലക്ഷണങ്ങൾ
ഇളംപ്രായത്തിലുള്ള അടക്കകൾ കൊഴിയുന്നതാണ് ആദ്യ ലക്ഷണം. കൊഴിഞ്ഞ അടക്കകളുടെ തൊപ്പി ഭാഗത്ത് വെള്ളം നനഞ്ഞത് പോലുള്ള പച്ചനിറത്തിൽ പൊട്ടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ ഇവ കടും തവിട്ടു നിറത്തിലോ കറുപ്പു നിറത്തിലോ ആയി അടക്കയുടെ ചുവടുഭാഗത്തേക്ക് പടരുന്നു. നന്നായി രോഗം ബാധിച്ച അടക്കയുടെ പച്ചനിറം പൂർണ്ണമായും മാറി വെള്ള പൂപ്പൽ കൊണ്ട് ആവരണം ചെയ്യപ്പെടുന്നു. അടക്ക കൊഴിഞ്ഞു പോവുകയും ചെയ്യും.

രോഗബാധ ക്രമേണ തണ്ടിലേക്കും പൂങ്കുലകളിലേക്കും വ്യാപിച്ചു അഴുകി നശിക്കുന്നു. രോഗബാധയേറ്റ അടക്കകൾ പൊളിച്ചു നോക്കിയാൽ പൊള്ളയായ വലിയ ഭാഗങ്ങൾ അകം തവിട്ടു നിറത്തിൽ കാണാം. അടക്കകൾ തൂക്കം കുറവാകും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് രോഗം പകരുന്നത്. ആഗസ്ത് - സപ്തംബറിലാണ് രോഗം വരുന്നതെങ്കിൽ അടക്കകൾ കരിഞ്ഞുണങ്ങി കൊഴിയാതെ കുലകളിൽ തന്നെ നിൽക്കുന്നു. ഉണക്ക മഹാളിയെന്നാണ് ഇത് അറിയപ്പെടുന്നത്.
കാലവർഷം തുടങ്ങുന്നതിന് മുൻപ് ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം കമുകിന്റെ മണ്ടയിലും പൂങ്കുലകളിൽ എല്ലായിടത്തു എത്തുംവിധം പശ കൂട്ടി തളിക്കണം ഒന്നര മാസത്തെ ഇടവേളയിൽ രണ്ട് തവണ ഇത് ആവർത്തിക്കുക. തോട്ടത്തിൽ നീർവാർച്ചാ സൗകര്യം ഒരുക്കുക.
കമുക് നടുമ്പോൾ ശരിയായ അകലം നൽകാൻ ശ്രദ്ധിക്കുക. മഴ തുടങ്ങും മുൻപ് ചെറു ദ്വാരമുള്ള (125 - 150 ഗേജ് പോളി ബാഗുകൾ കൊണ്ട് അടക്കാ കുലകൾ പൊതിഞ്ഞു വെക്കുക. രോഗബാധയേറ്റ് കൊഴിഞ്ഞു വീഴുന്ന അടക്കയും പൂങ്കുലകളും തോട്ടത്തിൽ നിന്നും നീക്കം ചെയ്ത് തോട്ടം വൃത്തിയായി സൂക്ഷിക്കുക.

അടക്ക വില കിലോ 340 രൂപ
കാഞ്ഞങ്ങാട്: കാർഷികോത്പന്നങ്ങളിൽ മികച്ച വിലയാണ് ഇപ്പോൾ അടക്കയ്ക്ക്. ഒരു കി.ഗ്രാം അടക്ക വിൽക്കുമ്പോൾ കർഷകന് കിട്ടുന്നത് 340 രൂപ. ഇത് 350 രൂപ വരെ എത്തിയിരുന്നു.