പയ്യന്നൂർ: കായൽ ദ്വീപ് പഞ്ചായത്തുകളുടെ പട്ടികയെ ചൊല്ലി രാമന്തളി ഗ്രാമപഞ്ചായത്തിൽ വിവാദം. പഞ്ചായത്തിനെ കായൽ ദ്വീപ് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന കാരണം പറഞ്ഞ് പഞ്ചായത്തിൽ തീരദേശ വീട് നിർമ്മാണത്തിന് അനുമതി നൽകാത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്.

2019 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിൽ നിന്നും രാമന്തളി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വീടു നിർമ്മാണത്തിനുള്ള അപേക്ഷകൾ പഞ്ചായത്ത് നിരസിക്കാൻ തുടങ്ങിയതെന്ന് മുൻ പഞ്ചായത്ത് അംഗം മോണങ്ങാട്ട് മൊയ്തീൻ കുഞ്ഞിയും മുസ്ലീം ലീഗ് നേതൃത്വവും പറയുന്നു. നേരത്തെ അനുമതിയോടെ നിർമ്മാണം പൂർത്തിയാക്കിയ വീടുകൾക്ക് നമ്പർ നൽകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും ഇവർ പറയുന്നു.

അതേസമയം മോണങ്ങാട്ട് മൊയ്തീൻ കുഞ്ഞിക്ക്, തീരദേശ പരിപാലന അതോറിറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ രാമന്തളി പഞ്ചായത്തിനെ ദ്വീപ് പഞ്ചായത്തുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. 2013 ൽ മോണങ്ങാട്ട് മൊയ്തീൻ കുഞ്ഞിയും മുസ്ലീം ലീഗ് നേതൃത്വവും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തീരദേശ പരിപാലന അതോറിറ്റി ഡയറക്ടർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് അതോറിറ്റിയുടെ

60-മത് യോഗത്തിൽ പഞ്ചായത്തിനെ കായൽ പഞ്ചായത്ത് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് മൊയ്തീൻ കുഞ്ഞി പറയുന്നു. കായൽ ദ്വീപ് പരിഗണനയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കഴിഞ്ഞ വർഷം പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയിരുന്നു.

വീട് നിർമ്മാണത്തിന് ലഭിക്കുന്ന അപേക്ഷകൾ തീരദേശ പരിപാലന അതോറിറ്റിക്ക് അയച്ചുകൊടുക്കുമ്പോൾ നിരസിക്കുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.