hospital

കണ്ണൂർ: ജില്ലയിലെ മൂന്ന് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 42.45 കോടി അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ . ആശുപത്രി വികസനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്നും സാങ്കേതികാനുമതിക്കും ടെൻഡറിനും ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തിയ പിണറായി ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി സെന്റർ നിർമ്മാണത്തിന് 19.75 കോടി രൂപയാണ് അനുവദിച്ചത്. അഞ്ച് നിലകളുള്ള ആശുപത്രി കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. അത്യാഹിത വിഭാഗം, ഒ.പി, വാർഡ്, ഐ.സി.യുകൾ, എസ്.ടി.പി., ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്സ്റേ യൂണിറ്റ്, സ്‌കാനിംഗ് സെന്റർ എന്നിവ സജ്ജമാക്കും. കാർഡിയാക്, കാൻസർ, ടിബി എന്നീ വിഭാഗം രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.

കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള മൂന്നുനില ആശുപത്രി കെട്ടിടം നിർമ്മിക്കും. ഒ.പി വിഭാഗം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നഴ്സസ് സ്റ്റേഷൻ, ഫാർമസി, മെഡിസിൻ സ്റ്റോർ, ഫീഡിംഗ് റൂം, ഇൻജക്ഷൻ റൂം, ഒബ്സർബേഷൻ റൂം, കൗൺസിലിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലുണ്ടാകുക. ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഞ്ചു നിലകളുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ് 11.30 കോടി രൂപ അനുവദിച്ചത്. അത്യാഹിത വിഭാഗം, കൺസൾട്ടേഷൻ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, വാർഡുകൾ, ഓപ്പറേഷൻ തീയറ്റർ, എൻ.ഐ.സി.യു, എക്‌സ് റേ, ഫാർമസി സൗകര്യങ്ങളുണ്ടാകും.

പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ 19.75 കോടി

കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം 11.40 കോടി

ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രം 11.30 കോടി