
കണ്ണൂർ: ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.കെ.നാണു എം.എൽ.എയെ നീക്കി, മാത്യു ടി. തോമസ് എം.എൽ.എയെ പുതിയ അഡ്ഹോക് കമ്മിറ്റി അദ്ധ്യക്ഷനാക്കിയ ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ നടപടിയെത്തുടർന്ന് പാർട്ടിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. സി.കെ. നാണുവിനെ അനുകൂലിക്കുന്ന വിഭാഗം ഇന്നലെ യോഗം ചേർന്ന് മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘടനയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. സി.കെ. നാണുവിന്റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗം വിഭാഗീയ പ്രവർത്തനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജനതാദൾ നാണുവിന്റെ വിഭാഗീയ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി നാളെ ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺ ലൈൻ യോഗം സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വിളിച്ചു ചേർത്തിട്ടുണ്ട്.
സംഘടനയിൽ അനുരഞ്ജന നീക്കം നടക്കുമ്പോഴും അവയെ മറികടന്ന് വിഭാഗീയ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ വിമത വിഭാഗം യോഗം ചേർന്നത് ഗൗരവമായാണ് നേതൃത്വം കാണുന്നത്. അതേ സമയം സംഘടനയുമായി യോജിച്ച് മുന്നോട്ടു പോകണമെന്നു സി.കെ. നാണുവുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മാത്യു ടി. തോമസിനെ ഫോണിൽ വിളിച്ച് സി.കെ. നാണു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഒരു വിഭാഗം രഹസ്യ യോഗം ചേർന്നത്. അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിൽ നാണു അനുകൂലികൾക്കിടയിൽ അസംതൃപ്തി പുകയുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവളത്ത് ജമീലാ പ്രകാശം മത്സരിച്ചപ്പോൾ സഹകരിച്ചില്ലെന്ന് ആരോപിക്കപ്പട്ട അന്നത്തെ ജില്ലാ പ്രസിഡന്റ് ചന്ദ്രകുമാറിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയതും, കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനെ നിയമിച്ചതും, കൂടിയാലോചനകളില്ലാതെ ആറുപേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതും റദ്ദാക്കണമെന്ന് ദേശീയ നേതൃത്വം നാണുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറാകാത്തതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
മന്ത്രി കെ. കൃഷ്ണൻകുട്ടിയും മുൻ മന്ത്രി നീലലോഹിതദാസും നൽകിയ പരാതിയിലാണ് നടപടി. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സി.കെ. നാണുവിനെ പ്രായാധിക്യം പറഞ്ഞ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിറുത്താനുള്ള നീക്കമുണ്ടെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ജനതാദളിൽ നിന്നുള്ള പ്രമുഖനെ തങ്ങളുടെ പക്ഷത്തെത്തിച്ച് വടകരയിൽ മത്സരിപ്പിക്കാനുള്ള അണിയറ നീക്കത്തിനു പിന്നിൽ മന്ത്രി കൃഷ്ണൻകുട്ടിയാണെന്നും അവർ ആരോപിക്കുന്നു.