പയ്യന്നൂർ: ടി വി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. രാമന്തളി വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ പുളുക്കുൽ നാരായണന്റെ വീടിനാണ് തീപിടിച്ചത്. കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ ഉഗ്ര ശബ്ദത്തോടു കൂടി പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികൾ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന ഫാൻ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, തുണികൾ എന്നിവ പൂർണമായും വയറിംഗ് ഭാഗികമായും കത്തി നശിച്ചു.
മച്ചിനു മുകളിൽ സൂക്ഷിച്ചിരുന്ന ഓലയ്ക്ക് തീ പടർന്നത് തീപ്പിടുത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാർ പൈപ്പുവെള്ളം ഉപയോഗിച്ച് തീയണച്ചു കൊണ്ടിരിക്കെ പയ്യന്നൂരിൽ നിന്നും അഗ്നി ശമനസേനയും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ പി.വി പവിത്രന്റെ നേതൃത്വത്തിൽ അപകടാവസ്ഥ ഒഴിവാക്കി.