cpm

കണ്ണൂർ:കമ്മ്യൂണിസ്റ്റ് പാർട്ടി നൂറാം വർഷത്തിലേക്ക് കടക്കുമ്പോൾ പാർട്ടിയുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച സഖാവ് അഴീക്കോടൻ രാഘവനെ പറ്റിയുള്ള ഒാർമ്മകൾ പ്രവർത്തകർക്ക് ഇന്നും ആവേശം പകരുന്നതാണ്. എന്നാൽ കർക്കശക്കാരനായ രാഷ്ട്രീയക്കാരനല്ല, സ്നേഹ നിധിയായ അച്ഛനെ കുറിച്ചുള്ള ഒാർമ്മകളാണ് മകൾ സുധ അഴീക്കോടൻ പങ്കു വയ്ക്കുന്നത്.

രാഷ്ട്രീയ പ്ര വർത്തനങ്ങൾക്കിടയിൽ രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞാകും അച്ഛൻ വീട്ടിലെത്തുന്നത്.എങ്കിലും പെട്ടിയിൽ എന്തെങ്കിലുമൊക്കെ ഞങ്ങൾക്കായി കരുതും- സുധ പറഞ്ഞു.പൊട്ട്,വള,ജീരക മിഠായിയൊക്കെയായെത്തുന്ന അച്ഛനെ ഇന്നും ഓർക്കുന്നു.1942 ൽ കോളറ പടന്ന് ആളുകൾ മരിച്ച് വീണ കാലത്ത് പാർട്ടി തീരുമാന പ്രകാരം സ്ക്വാഡ് നിർമ്മിക്കുകയും വീടുകൾ കയറി ഇറങ്ങി രോഗികളെ പരിചരിക്കുകയും ചെയ്യുകയുണ്ടായി.ഒരു കുടുംബത്തിലെ മുഴുവൻ പേരും കോളറ വന്ന് അവശതയിലാവുകയുണ്ടായി.അന്ന് പരിചരിക്കാൻ ആരുമില്ലാതെ കഷ്ടപ്പെട്ട ഒരു കുട്ടിയെ അഴീക്കോടൻ മുൻകൈയ്യെടുത്ത് ശുശ്രൂഷിക്കുകയായിരുന്നു.

വീട്ടിൽ വളരെ സ്നേഹത്തോടെ മാത്രം ഇടപെഴകാറുള്ള അഴീക്കോടന് പക്ഷെ മക്കൾ നന്നായി വായിക്കണണെന്ന് നിർബന്ധമുണ്ടായിരുന്നു.നിരവധി പുസ്തകങ്ങളുടെ ശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ ഡയറി വാങ്ങി നൽകി പ്രധാന കുറിപ്പുകൾ എഴുതാൻ നിർബന്ധിക്കും. ഒാരോ വരവിലും അത് പരിശോധിക്കും.1964 ൽ കമ്മ്യൂണിസ്റ്റ് ചാരനെന്ന് എന്ന് മുദ്ര കുത്തി ജയിലിലടച്ചപ്പോൾ വിയ്യൂർ ജയിലിൽ അമ്മ മീനാക്ഷിക്കൊപ്പം അച്ഛൻെ കണ്ടതും സുധയുടെ ഒാർമ്മയിലുണ്ട്. അടുത്ത ബന്ധമായിരുന്നു നായനാരുമനായി.അദ്ദേഹം പലപ്പോഴും വീട്ടിൽ വരും.എത്ര തിരക്കിലാണെങ്കിലും മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ അമ്മയെ ഒാർമ്മിപ്പിക്കാൻ അച്ഛൻ മറക്കാറില്ലെന്നും സുധ പറയുന്നു.

ചെടികളായിരുന്നു മറ്റൊരു ഇഷ്ടം. പലതരം ചെടികൾ കൊണ്ടു വരുന്നതും പതിവായിരുന്നു.‌ഞങ്ങളോട് വല്ലാത്ത കരുതലായിരുന്നു അച്ഛന്.മരിക്കുമ്പോൾ ആകെ ഉണ്ടായിരുന്നത് സ്വന്തമായ് അഞ്ച് സെന്റ് ഭൂമി മാത്രമാണ്.അവിടെ ഒരു വീട് വയ്ക്കാൻ അച്ഛന് സാധിച്ചില്ല.കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് വീട്ടിൽ വന്നിരുന്നു.ആ മരണം വല്ലാത്തൊരു വേദനയാണ്.സുധ പറഞ്ഞു.

തെക്കി ബസാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം പിന്നീട് പള്ളിക്കുന്നിലേക്ക് മാറുകയായിരുന്നു. അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് സുധ. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ലൈബ്രറിയനായി വിരമിച്ച സുധ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമാണ്. ഭർത്താവ് പരേതനായ മുൻമനുഷ്യാവകാശ കമ്മിഷൻ അംഗം അഡ്വ.കെ. ഇ. ഗംഗാധരൻ .