
കാഞ്ഞങ്ങാട്: ഉത്തര മലബാറിന്റെ അനുഷ്ഠാന കലയായ തെയ്യം കെട്ടിയാടാൻ അനുമതി നൽകിയെങ്കിലും ഇരുപതിൽ അധികം പേരുടെ പങ്കാളിത്തമുണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥ കഴകങ്ങളിലും കാവുകളിലും മുണ്ട്യകളിലും ഫലത്തിൽ കളിയാട്ടം ഇല്ലാതാക്കുമെന്ന് കോലധാരികളും ആചാരസ്ഥാനികരും പറയുന്നു. തുലാപ്പത്തോടെ സജീവമാകുന്ന കളിയാട്ടക്കാവുകൾക്ക് ആശ്വാസം പകരുന്ന ഇളവിനെ സ്വാഗതം ചെയ്യുമ്പോഴും ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്ന ആലോചനയിലാണ് നടത്തിപ്പുക്കാർ.
മിക്ക കളിയാട്ടങ്ങളിലും നാലും അഞ്ചും തെയ്യങ്ങളെ കെട്ടിയാടേണ്ടതുണ്ട്. ഒരു കഴകത്തിൽ തന്നെ വ്യത്യസ്ത സമുദായക്കാരുടെ തെയ്യങ്ങളുമുണ്ട്. ഇവരിൽ ഓരോ വിഭാഗത്തിനും മുഖത്തെഴുത്ത്, ചെണ്ട, ചമയം ഒരുക്കുന്നവർ എന്നിങ്ങനെ പത്തിലധികം പേരുണ്ടാകും. ഇവരിൽ ആരെയും മാറ്റിനിർത്താൻ കഴിയില്ല. അന്തിത്തിരിയൻ, നോറ്റിരിപ്പുകാർ, അടിച്ചുതെളി, കാരണവന്മാർ, കലശക്കാരൻ, കമ്മിറ്റിക്കാർ എന്നിങ്ങനെയുള്ളവർ വേറെയും.
തെയ്യംകെട്ടിയാടുന്നവർക്ക് കഴകം നൽകുന്ന കോള് തുച്ഛമായിരിക്കും. ഭക്തരുടെ സങ്കടങ്ങളും സന്തോഷങ്ങളും കേട്ടറിഞ്ഞ് മറുമൊഴി നൽകുമ്പോൾ അവർ പ്രാർത്ഥനാപൂർവം നൽകുന്ന ദക്ഷിണ കോലധാരിക്കാണ്. ഇരുപത് പേരെന്ന നിബന്ധന വരുമ്പോൾ അതിനും സാദ്ധ്യതയില്ല. ഒരു സ്ഥലത്ത് ഒരു പരിപാടി മാത്രമേ അനുവദിക്കൂ എന്നാണ് മറ്റൊരു നിബന്ധന.
മിക്ക ഗ്രാമത്തിലും ഓരോ നൂറുമീറ്റർ ചുറ്റളവിൽ പത്തിലേറെ പള്ളിയറകളും തിരുമുറ്റങ്ങളുമുണ്ടാകും. തുലാംപിറന്നാൽ പിന്നെ നിശ്ചിത തീയ്യതികളിൽ മാത്രമാണ് തെയ്യം കെട്ടിയാടുക. അസൗകര്യങ്ങൾക്കനുസരിച്ച് മാറ്റിവയ്ക്കാൻ കഴിയുന്നവയല്ല കളിയാട്ടങ്ങൾ. കോലക്കാരന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുമുണ്ട്. എന്നാൽ കോലധാരികളെ തീരുമാനിക്കുന്ന തെയ്യം കൊടുക്കൽ ചടങ്ങ് ക്ഷേത്രതിരുമുറ്റത്ത് വച്ചാണ് നടക്കുന്നത്. ചില തെയ്യങ്ങളെ കെട്ടാൻ നിശ്ചിത ആചാരം വഹിക്കുന്ന കോലധാരിക്ക് മാത്രമേ അനുവാദമുള്ളുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാർച്ച് മുതൽ എവിടെയും തെയ്യം കെട്ടിയാടിയിട്ടില്ലെന്നതിനാൽ വലിയൊരു വിഭാഗത്തിന്റെ ആചാര, അനുഷ്ഠാനങ്ങളും മുടങ്ങിക്കിടക്കുന്നത് സർക്കാർ ഗൗരവത്തിലെടുത്തുവെന്നതിന്റെ തെളിവാണ് ഇപ്പോൾ അനുവദിച്ച ഇളവ്.
ഇരുപത് പേരിൽ ഒതുക്കാനാകില്ല: സുരേഷ് പണിക്കർ
തെയ്യം കെട്ട് ഇരുപത് പേരിൽ ഒതുക്കുക പ്രയാസകരമാണെന്ന് ദീർഘകാലമായി തെയ്യം കലാ രംഗത്തുള്ള അയ്യങ്കാവിലെ സുരേഷ് പണിക്കർ പറയുന്നു. മുഖത്തെഴുത്ത് തെയ്യത്തിന് ഏറ്റവും പ്രധാനമാണ്. അത് മാസ്‌ക് കൊണ്ട് മറച്ച് പിടിച്ചാൽ തെയ്യം കാണുന്നവർക്ക് തൃപ്തിയാകില്ല. തോറ്റവും തെയ്യത്തിന്റെ ഉരിയാടലുമൊക്കെ മാസ്‌കിട്ടാകുമ്പോൾ കേൾക്കുന്നവർക്കും അരോചകമാകും. അതുകൊണ്ടു തന്നെ നിയന്ത്രണത്തോടെയുള്ള തെയ്യം കെട്ടൽ പ്രാവർത്തികമാക്കരുതെന്നും ഇപ്പോൾ 44 ൽ എത്തിയ സുരേഷ് പണിക്കർ ആവശ്യപ്പെടുന്നു.