പയ്യന്നൂർ: കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന കണ്ടംകുളങ്ങരയിലെ പി. ഭരതൻ സ്മാരക മന്ദിരം ബോംബെറിഞ്ഞ് തകർത്ത കേസിൽ മൂന്ന് ബി.ജെ.പി.- ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി ചിറ്റടി സ്വദേശികളായ യുവമോർച്ച പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ടി.വി. വിജിതാശ്വകുമാർ (31)​, ആർ.എസ്.എസ്. പ്രവർത്തകരായ സി. സുകേഷ് (28)​ ,ടി.വി. അഖിൽ രാജ് (24)​ എന്നിവരെയാണ് പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ പി. ബാബുമോൻ അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫീസിന് സമീപത്തെ സി.സി ടി.വി.ദൃശ്യങ്ങളും നിരവധി ഫോൺ കോളുകളും പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം സെപ്തംബർ 18 ന് പുലർച്ചെ 1.30 ഓടെയാണ് ഓഫീസിന് നേരെ ബോംബേറുണ്ടായത്.