തലശേരി: ജനാധിപത്യ, മതേതര മൂല്യങ്ങളും, ക്രമസമാധാന വാഴ്ചയും സംരക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയുണ്ടെന്ന വിശ്വാസമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നതെന്നും ആ പ്രതീക്ഷ നിലനിർത്താനുള്ള ഇടപെടൽ ന്യായാധിപന്മാരുടെയും അഭിഭാഷക സമൂഹത്തിന്റേയും ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി കോടതി കെട്ടിടസമുച്ചയത്തിന്റെ തറക്കല്ലിടൽ ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

56 കോടി രൂപ ചെലവിൽ 8 നില കെട്ടിടമാണ് തലശേരിയിൽ നിർമ്മിക്കുക. പണി തീരുന്നതോടെ
ചിതറി കിടക്കുന്ന 12 കോടതികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിട നിർമ്മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെഷൻസ് ജഡ്ജ് ഡോ. ബി.കലാംപാഷ, അഡ്വ. എ.എൻ ഷംസീർ എം.എൽ.എ, നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, ബാർ അസോ. പ്രസിഡന്റ് അഡ്വ. സി.ജി അരുൺ, സെക്രട്ടറി അഡ്വ. ബിനോയ് തോമസ് ,ബാർ കൗൺസിൽ അംഗം അഡ്വ. എം ഷറഫുദീൻ പങ്കെടുത്തു.