തലശ്ശേരി: നടക്കുന്നത് മാത്രം സ്വപ്നം കാണുകയും, അതു കൃത്യമായി നടപ്പിലാക്കുകയും ചെയ്ത കേരളം കണ്ട എക്കാലത്തേയും മഹാനായ സഹകാരി ഇ. നാരായണന്റെ ഏഴാം ചരമവാർഷിക വേളയിലും, അദ്ദേഹം ജീവിതാഭിലാഷമായി കൊണ്ടുനടന്ന സ്വപ്ന പദ്ധതിയായ ഹൃദയാലയ ഹാർട്ട് സെന്റർ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എല്ലാവരും മറന്നു.

സ്ഥലം കണ്ടെത്തി, പ്രാഥമിക നടപടികൾ പൂർത്തിയാക്കി, പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് അകാലത്തിൽ അദ്ദേഹം വിടവാങ്ങിയത്.
മണ്ണയാട്ടെ തന്റെ വീടായ സഹകാരി ഭവൻ തൊട്ട്, തിരുവനന്തപുരത്തെ സംസ്ഥാന സഹകരണ യൂണിയൻ ഓഫീസായ സഹകരണ ഭവൻ വരെ നീളുന്ന തന്റെ യാത്രാ വീഥികളിൽ, അദ്ദേഹം കെട്ടിപ്പൊക്കിയ ചെറുതും വലുതുമായ സഹകരണ സ്ഥാപനങ്ങൾ ഒട്ടനവധി. അസാദ്ധ്യമെന്ന് അക്കാഡമിക് വിദഗ്ധർ എഴുതിത്തള്ളിയ പദ്ധതികൾ പോലും, കടുത്ത എതിർപ്പുകൾക്കിടയിലും അത്ഭുതകരമായി പടുത്തുയർത്തിയ എത്രയോ സംഭവങ്ങൾ ഈ മനുഷ്യന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

നൂറുകണക്കിനു പേർ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. തളർത്താനാവാത്ത ഇച്ഛാശക്തിയും, വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യബോധവുമാണ് നാരായണനെ മറ്റ് സഹകാരികളിൽ നിന്നും വ്യത്യസ്തനാക്കിയത്.