
കണ്ണൂർ:ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിലെത്തുമ്പോൾ കേരളത്തിൽ പാർട്ടിയുടെ തലസ്ഥാനമെന്ന പദവി കണ്ണൂരിനു സ്വന്തം. കേരളത്തിൽ പാർട്ടി രൂപീകരണത്തിനു ശേഷമുള്ള എട്ട് സംസ്ഥാന സെക്രട്ടറിമാരിൽ ആറു പേരും കണ്ണൂർ സ്വദേശികൾ. നാലു തവണ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണ് റെക്കാഡ്.
1964 മുതൽ ഇതുവരെ 56 വർഷങ്ങൾക്കിടെ 37 വർഷവും കണ്ണൂർ ജില്ലക്കാരൻ തന്നെയായിരുന്നു പാർട്ടി സെക്രട്ടറി സ്ഥാനത്ത്. എ.കെ.ജി., സി.എച്ച്.കണാരൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് കണ്ണൂർ ജില്ലക്കാരായ സെക്രട്ടറിമാർ. ഇ.എം.എസ്, വി.എസ്.അച്യുതാനന്ദൻ എന്നിവർ മാത്രം കണ്ണൂരിനു പുറത്തുനിന്ന്.
16 വർഷം പിണറായി;എട്ട് വർഷം നായനാർ
16 വർഷം പിണറായി വിജയനും എട്ടു വർഷം നായനാരും രണ്ടു ഘട്ടങ്ങളിലായി അഞ്ചുവർഷം സി.എച്ച്.കണാരനും രണ്ടുവർഷം ചടയൻ ഗോവിന്ദനും ഒന്നരവർഷം എ.കെ.ജി.യും പാർട്ടി സെക്രട്ടറിമാരായി. അതുകൊണ്ടു തന്നെ പാർട്ടിയിൽ കണ്ണൂരിന്റെ മേൽക്കോയ്മ എന്നും നിറഞ്ഞുനിന്നു. കണ്ണൂരിൽ നിന്ന് മൂന്ന് പി.ബി. അംഗങ്ങളും ഉണ്ടായി- പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ.കെ.പദ്മനാഭൻ. എ.കെ.പദ്മനാഭൻ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണെങ്കിലും തമിഴ്‌നാടിന്റെ പ്രതിനിധിയായാണ് പി.ബി.യിലെത്തിയത് . ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി എന്നീ നാല് കേന്ദ്രകമ്മിറ്റി അംഗങ്ങളും കണ്ണൂർക്കാരാണ്. സി.പി.എമ്മിന്റെ ആദ്യ പാർട്ടി സെക്രട്ടറിയായ സി.എച്ച്. കണാരൻ 1964 ഒക്ടോബർ 18 മുതൽ 1968 ജനുവരി ഏഴുവരെയാണ് തുടർന്നത്. തലശ്ശേരി പുന്നോൽ സ്വദേശി.
1969 നവംബർ 13 മുതൽ 1971 ഡിസംബർ 12 വരെ ഇ.എം.എസ് സെക്രട്ടറിയായി. ഒരുവർഷം വീണ്ടും സി.എച്ച്. കണാരൻ. പിന്നീട് 1972 മുതൽ 1980 വരെ തുടർച്ചയായി എട്ടുവർഷം നായനാർ ആയിരുന്നു സെക്രട്ടറി. കണ്ണൂർ കല്യാശേരിയാണ് നായനാരുടെ സ്വദേശം. ശേഷം 11 വർഷം വി.എസ്.അച്യുതാനന്ദൻ സെക്രട്ടറിയായി. തുടർന്ന് നായനാർ ഒരിക്കൽക്കൂടി സെക്രട്ടറി. പിന്നീട് ചടയൻ ഗോവിന്ദനും പിണറായിയും വന്നു. ചടയൻ കണ്ണൂർ കമ്പിൽ സ്വദേശിയാണ്. ഇക്കുറിയും കൂടുതൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളും കണ്ണൂരിൽ നിന്നുതന്നെ. സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരിൽ നിന്നാണ് വലിയ നേതാക്കൾ പാർട്ടിയെ നിയന്ത്രിച്ചത്. പാർട്ടിയിൽ അവസാനകാലത്ത് വിഭാഗീയത കത്തിപ്പടർന്നപ്പോഴും കണ്ണൂർ ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്നതിന് പ്രധാനകാരണം കണ്ണൂരിന്റെ സംഘടനാ ശക്തിയായിരുന്നു.