പറശ്ശിനിക്കടവ് :കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട് മലബാർ റിവർക്രൂസ് പദ്ധതിയുടെ ആദ്യഘട്ടമായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെർമിനലുകളുടെ ഉദ്‌ഘാടനം 22ന് നടക്കും. കൊവിഡ് സാഹചര്യം മാറി ബോട്ടുകൾ സർവീസ് നടത്താൻ തയ്യാറായെത്തുന്നതോടെ സാംസ്‌കാരിക സവിശേഷതകളിലൂന്നിയ പുഴയാത്രകൾ യാഥാർഥ്യമാവും.
പഴയങ്ങാടിയിൽനിന്ന് പറശ്ശിനിക്കടവിലേക്ക് ആദ്യം ജലയാത്ര നടത്താം. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ 17 ടെർമിനലുകളുടെ പ്രവൃത്തി ഉദ്‌ഘാടനം 2018 ജൂൺ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.പഴയങ്ങാടി പുഴയിൽ മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് ഒരുക്കുന്നത്.
മുത്തപ്പൻ ആൻഡ് മലബാറി കുസിൻ ക്രൂസ്, കണ്ടൽ ക്രൂസ്, തെയ്യം ക്രൂസ് എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റൂറൽ സർക്യൂട്ടുകളാണ് പദ്ധതിയിലുള്ളത്. 30 ബോട്ട് ജെട്ടി, ബോട്ട് റേസ് ഗ്യാലറി, ആർട്ടിസാൻസ് ആല, ഫുഡ് കോർട്, കുക്കിങ് ഡമോൺസ്‌ട്രേഷൻ സെന്റർ, തെയ്യം പെർഫോമിങ് യാർഡ്, മഡ്‌വാൾ മ്യൂസിയം, സൈക്കിൾ ട്രാക്ക്, ഏറുമാടം തുടങ്ങിയവ ഉൾപ്പെടും.
ബോട്ട് ജെട്ടി പ്രവൃത്തികൾ ഉൾനാടൻ  ജലഗതാഗത വകുപ്പും കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡുമാണ് (കെൽ) ചെയ്യുന്നത്. ടി വി മധുകുമാറിന്റെ നേതൃത്വത്തിലുള്ള എം കുമാർ ആർകിടെക്ട് സ്ഥാപനമാണ് പദ്ധതിയുടെ കൺസൽട്ടന്റ് ആർകിടെക്ട്. 
ഒരുങ്ങുന്നു 17 ടെർമിനലുകൾ
മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ടെർമിനലുകളുടെയും ബോട്ട് ജെട്ടി, വാക് വേ, ടോയ്‌ലറ്റ് എന്നിവയുടെയും നിർമാണം പുരോഗമിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 40.82 കോടി രൂപയുടെയും കാസർകോട് 12.25 കോടിയുടെയും പ്രവൃത്തികൾക്കാണ്  അനുമതി ലഭിച്ചത്.
മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരക്ക് സമീപമാണ് പറശ്ശിനിക്കടവ് ടെർമിനൽ ഒരുക്കിയത്. 4,88,80,000 രൂപയുടേതാണ് പദ്ധതി. തളിപ്പറമ്പ്, അഴീക്കോട്, കല്യാശേരി മണ്ഡലങ്ങളിലായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽനിന്ന് സ്വദേശ് ദർശൻ സ്‌കീമിൽ 80.37 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.