
പഴയങ്ങാടി: മാടായി മുട്ടത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അര നൂറ്റാണ്ട് പ്രായമെത്തിയിട്ടും പുരോഗതിയില്ല. മുട്ടം ബസാറിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന് 2003ൽ സ്വന്തം കെട്ടിടം പണിതെങ്കിലും അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുകയാണ്. ജീവനക്കാരുടെ കുറവാണ് പ്രശ്നം. ഒരു മെഡിക്കൽ ഓഫീസറും ഒരു ഡോക്ടറും ഒരു സ്റ്റാഫ് നഴ്‌സും ഒരു ഫാർമിസ്റ്റും മാത്രമാണ് ഇവിടെയുള്ളത്.
ഒ.പി ടിക്കറ്റ് കൊടുക്കുന്നത് ആശാ വർക്കർമാർ ആണ്. ഒരു ഫാർമിസ്റ്റ് മാത്രമുള്ളത് കാരണം ഇദ്ദേഹം ലീവിൽ പോയാൽ ഫാർമസി അടച്ച് പൂട്ടുകയല്ലാതെ വേറെ വഴിയില്ല. ഫാർമിസ്റ്റ് അല്ലാത്ത ആൾ മരുന്ന് എടുത്ത് കൊടുക്കുന്നത് ഒരു ഉത്തരവിലൂടെ ആരോഗ്യ വകുപ്പ് തടഞ്ഞതാണ് കാരണം. മുറിവ് പറ്റിയാൽ സ്റ്റിച്ച് ഇടാൻ സൗകര്യവും ജീവനക്കാരും ഇവിടെയില്ല. കിടത്തി ചികിത്സ വേണമെന്ന നാട്ടുകാരുടെ നിരന്തര മുറവിളിയെ തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ ടീച്ചർ 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം പണിതെങ്കിലും ആരോഗ്യ വകുപ്പ് സാങ്കേതികത്വം പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു.
പുതുതായി പണിത കെട്ടിടത്തിൽ ഇലക്ട്രിക്ക് പ്രവർത്തി പൂർത്തിയാക്കിയിട്ടില്ല. പ്രവർത്തി പൂർത്തീകരിക്കുകയാണെങ്കിൽ കേന്ദ്രത്തിന്റെ മറ്റ് ആവശ്യങ്ങൾക്ക് പുതിയ കെട്ടിടം ഉപയോഗപ്പെടുത്താം. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ ആയി ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിലവിൽ ഉണ്ടെങ്കിലും ഇവരുടെ ഭാഗത്ത് നിന്നും സഹകരണം ലഭിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കിയപ്പോഴും ഏറ്റവും പഴക്കം ചെന്നതും ദിവസവും 200 ഓളം രോഗികൾ എത്തുന്നതുമായ ഈ പ്രാഥമികാരോഗ്യ കേന്ദ്രം പട്ടികക്ക് പുറത്ത് തന്നെയായിരുന്നു.