പിലിക്കോട്: ക്രമാതീതമായ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ പിലിക്കോട് ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. കാലിക്കടവ് മൈതാനയിലെ രാവിലെയും വൈകിട്ടുമുള്ള കായികപരിശീലനം ഇനി മുതൽ പാടില്ല.
പഞ്ചായത്തിലെ മുഴുവൻ കടകളിലും സാനിറ്റൈസർ, മാസ്ക്, രജിസ്റ്റർ എന്നിവ നിർബന്ധമാക്കി. ബേക്കറികളിൽ ലഘു ചായ, ജ്യൂസ്, ഷവർമ്മ എന്നിവ വിൽക്കുന്ന കടകൾ, ഹൈവേയിലെ തട്ടുകട എന്നിവ വൈകുന്നേരം 6 മണി വരെ മാത്രം പ്രവർത്തിക്കും. ടൗണിലുള്ള അനധികൃത മീൻ കച്ചവടം, വഴിയോര കച്ചവടം എന്നിവ സിൻഡിക്കറ്റ് ബാങ്കിന്റെ പടിഞ്ഞാറു മുതൽ കെ.എസ്.ഇ.ബി വരെ ഉള്ള സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കൂ. തീരുമാനം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. 7 ദിവസം വരെ കടകൾ അടച്ചിടും. മുഴുവൻ ജനങ്ങളും കൊവിഡ് പ്രതിരോധത്തിൽ പഞ്ചായത്തിനൊപ്പം സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ അഭ്യർത്ഥിച്ചു.