manhampothi
മഞ്ഞംപൊതിക്കുന്നിൽ നിന്നുള്ള കാഴ്ച

കാഞ്ഞങ്ങാട്:വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിക്കാൻ പോകുന്ന് മഞ്ഞംപൊതിക്കുന്ന് വിനോദ സഞ്ചാര പദ്ധതിക്ക് നവംബറിൽ തുടക്കമാകും.സംസ്ഥാനത്തെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്‌ട്രോ ടൂറിസം പ്രൊജക്ടാണിത്.

ടൂറിസം വകുപ്പിന്റെ അംഗീകൃത ആർക്കിടെക്റ്റുമാരാണ് പദ്ധതി രൂപകല്പന ചെയ്തത്. ഡി.ടിപി.സിയ്ക്കായിരിക്കും നടത്തിപ്പ് ചുമതല. മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിലാണ് ഇതുസംബന്ധിച്ച യോഗം ചേർന്നത്. ജില്ലാ കളക്ടർ ഡോ.ഡി.സജിത്ബാബു ആമുഖ അവതരണം നടത്തി. സബ് കളക്ടർ ഡി ആർ മേഘശ്രീ , ഡി ടി പി സി സെക്രട്ടറി ബിജു രാഘവൻ, ടൂറിസം മാനേജർ സുനിൽ കുമാർ, ജില്ലാ നിർമിതി കേന്ദ്രം എൻജിനിയർ സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു. ആർക്കിടെക്റ്റ് പ്രമോദ് പാർത്ഥൻ, സി പി സുനിൽ കുമാർ എന്നിവർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

അനന്തം ആകാശവിസ്മയം

മലമുകളിൽ ആധുനിക ടെലിസ്‌കോപ്പ് സ്ഥാപിച്ച് വാന നിരീക്ഷണത്തിന് സൗകര്യമൊരുക്കും. മലയുടെ മുകളിൽ ഉച്ചിയിൽ നിന്നുയരുന്ന ജലധാര വേറിട്ട ആകർഷണമാകും.പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടമാണ് മറ്റൊരാകർഷണം. മഞ്ഞ് പൊഴിയുന്ന മഞ്ഞംപൊതിക്കുന്നിന്റെ സൗന്ദര്യം ആവോളം നുകരാൻ ഉതകുന്നതാണ് പദ്ധതി. പ്രകൃതിയ്ക്ക് കോട്ടം വരുത്താതെ പദ്ധതി യാഥാർത്യമാക്കും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും കുന്നിന്റെ അടിവാരത്തിൽ 150 കാർ ഉൾപ്പടെ പാർക്ക് ചെയ്യാവുന്ന വിശാലമായസൗകര്യമൊരുക്കും.പുൽമേടിലൂടെ മരങ്ങൾക്കിടയിലൂടെ കുന്നുകയറാൻ വഴിയൊരുക്കും.വാനനിരീക്ഷണത്തിന് അവസരമൊരുക്കി വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് പദ്ധതി ഉപകരിക്കും. മഴവെള്ള സംഭരണിയിലെ വെള്ളമാണ് ജലധാരയിലേക്ക് ഉപയോഗിക്കുക.

'സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി ഉൾപ്പെടുന്നതാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി. സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കും'-മന്ത്രി ഇ.ചന്ദ്രശേഖരൻ

പദ്ധതിച്ചിലവ് 4, 97,50,000

മിത്തുകളുടെ സ്വന്തം കുന്ന്

സമുദ്രനിരപ്പിൽ നിന്ന്‌ 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മഞ്ഞംപൊതിക്കുന്നിനെ പൊതിഞ്ഞ് നിരവധി മിത്തുകളാണുള്ളത്.പ്രശസ്തമായ
ആനന്ദാശ്രമത്തിന്റെ കിഴക്കുഭാഗത്താണ്‌ മഞ്ഞംപൊതിക്കുന്ന്‌. രാമ-രാവണ യുദ്ധത്തിൽ ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റ് പ്രജ്ഞയറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനിയടങ്ങിയ ഋഷഭാദ്രിയുമായി കുതിച്ച ഹനുമാന്റെ കൈയിൽനിന്ന്‌ അടർന്നുവീണ മണ്ണും പൊടിയുമാണ്‌ മഞ്ഞം പൊതിയായെന്നാണ് ഐതിഹ്യങ്ങളിലൊന്ന്.
സദാ മഞ്ഞുപൊതിഞ്ഞ്‌ നില്ക്കുന്നതിനാൽ മഞ്ഞംപൊതി എന്ന് നാട്ടുകാർ വിളച്ചുവെന്നും പറയുന്നു.. സഞ്ചാരികളുടെയും തീർഥാടകരുടെയും പുണ്യഭൂമിയായ ഈ പ്രദേശം ഔഷധസസ്യങ്ങളുടെ കലവറകൂടിയാണ്‌.കുന്നിൻമുകളിൽ വീരമാരുതി ക്ഷേത്രം ഉയർന്നുകഴിഞ്ഞു.
കുന്നിന് മുകളിൽ നിന്ന് അസ്തമയം ഭംഗിയോടെ കാണാം. സ്വാമി രാംദാസും മാതാജി കൃഷ്ണ ഭായിയും മഞ്ഞംപൊതിയുടെ താഴ്‌വരയിൽ 1931-ൽ സ്ഥാപിച്ചതാണ്‌ ആനന്ദാശ്രമം.
വിദേശികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ആശ്രമത്തിലെത്തുന്നു. ഇവർ മഞ്ഞംപൊതിക്കുന്നിലേക്കും രാവിലെയും വൈകുന്നേരവും തീർഥാടനം നടത്തുന്നു.