thillankeri
തില്ലങ്കേരി രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന കുറിച്ചിയിൽ കടലോരത്തെ കാടുകയറിയ സ്ഥലം

തലശ്ശേരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചോര പുരണ്ട പോരാട്ടചരിത്രമാണ് തില്ലങ്കേരിയിലേത്. ജീവൻ ബലിയർപ്പിച്ച ഏഴ് രണധീരന്മാർ അന്ത്യനിദ്ര കൊള്ളുന്നു; ആരോരുമറിയാതെ...പുന്നോൽ പെട്ടിപ്പാലം കടലോരത്ത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വെളിച്ചം നിഷേധിച്ച 1948 കാലഘട്ടത്തിൽ, ജന്മി -നാടുവാഴി ചൂഷണത്തിനെതിരെ പുരളിമലയുടെ താഴ്വാരമായ തില്ലങ്കേരി വയലിലൂടെ ചെങ്കൊടികളുമുയർത്തി പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു അവർ. ജന്മിമാരുടെ ഒത്താശയോടെ, കൈതക്കാട്ടിൽ ഒളിച്ചിരുന്നാണ് പൊലീസ് വെടിവച്ചത്. വെടിയേറ്റ് വീണവരെ തലശ്ശേരി ഗവ: ആശുപത്രിയിൽ കൊണ്ടുവന്നു.
വി.അനന്തൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, കാരാട്ട് കുഞ്ഞമ്പു, പോരുകണ്ടി കൃഷ്ണൻ, നമ്പിടി കന്നുമ്മൽ നാരായണൻ നമ്പ്യാർ, സി. ഗോപാലൻ, വെള്ളുവക്കണ്ടി രാമൻ എന്നിവർ ആ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല.ഒരു വാഹനത്തിൽ പൊലീസ് കൊണ്ടുപോയത് പുന്നോൽ കുറിച്ചിയിൽ പെട്ടിപ്പാലം കടലോരത്തേക്കായിരുന്നു. ഏഴു പോരാളികളുടേയും മൃതദേഹങ്ങൾ ആളറിയാതെ ഒരു കുഴിയിൽ ഒന്നിച്ച് ഇട്ട് മൂടി.അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായിരുന്ന പി.വി. കുട്ടി നേരംപുലരും മുമ്പ് ഒളിച്ചെത്തി മണ്ണ് കിളച്ച സ്ഥലം അടയാളപ്പെടുത്തി വെച്ചു.
നിരോധനം നീങ്ങിയതിനു ശേഷം മാഹി ഭാഗത്തു നിന്നും തലശ്ശേരിയിലേക്ക് പാർട്ടിയുടെ പ്രകടനങ്ങൾ നടക്കുമ്പോൾ കടലിനും ദേശീയ പാതയ്ക്കും റെയിലിനും ഇടയിലുള്ള ഈ സ്ഥലത്തെത്തിയാൽ മുദ്രാവാക്യം വിളിക്കാതെ ജാഥ നിർത്തി അൽപ്പനേരം മൗനം ആചരിച്ചാണ് കടന്നു പോകാറ് . 1951 മുതൽ 64 ൽ പാർട്ടി പിളരുംവരെ ഇത് തുടർന്നിരുന്നതായി പഴയ തലമുറ പറയുന്നു.
1954 ഏപ്രിൽ 27 ന് പുലർച്ചെ നടന്ന ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ ചെറുകല്ലായിയിലെ പട്ടാള ക്യാമ്പ് പിടിച്ചെടുക്കാനുള്ള ഐതിഹാസികമായ നീക്കത്തിനിടയിൽ രണ്ട് കമ്മ്യൂണിസ്റ്റ് പോരാളികൾ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിരുന്നു. ചെറുകല്ലായി കുന്നാകെ വളഞ്ഞുള്ള അതിസാഹസികമായ ഈ മുന്നേറ്റത്തിന് പടയൊരുക്കം നടത്തിയത് തില്ലങ്കേരി രക്തസാക്ഷികളുടെ അസ്ഥിമാടത്തിനരികിൽ വച്ചായിരുന്നു. 26 ന് രാത്രി നടന്ന യോഗത്തിൽ പിൽക്കാലത്ത് സി.പി.എം.സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്. കണാരൻ, പി.വി.കുട്ടി, ടി.യു. രാമുണ്ണി, ഗോവ വിമോചന പോരാളി പി.വി. കുഞ്ഞിരാമൻ, കോട്ടായി കണാരൻ മേസ്ത്രി, ബോംബെ ഗോപാലൻ, വി.കെ.കണാരി, ഷേണായ് കുമാരൻ തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു. പുലർച്ചെയാണ് ക്യാമ്പ് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമുണ്ടായത്. പി.പി.അനന്തനും എം.അച്യുതനും അവിടെ തന്നെ ഫ്രഞ്ച് പട്ടാളക്കാരുടെ വെടിയേറ്റ് രക്തസാക്ഷികളായി. ദേഹത്ത് 34 മുറിവുകളോടെ മുൻ പട്ടാള ഉദ്യോഗസ്ഥനായ കെ.കെ.ജി.അടിയോടി മാസങ്ങളോളം ചികിത്സയിലുമായി.

ഉയരുമോ ഈ അസ്ഥിമാടത്തിൽ ഒരു സ്മാരകം
കുറിച്ചിയിൽ കടലോരത്തെ രണധീരരായ തില്ലങ്കേരി രക്തസാക്ഷികളുടെ അസ്ഥിമാടത്തെക്കുറിച്ച് പുതുതലമുറയ്ക്കറിയില്ല. വിപ്ലവകാരികളുടെ സിരകളിൽ ഇന്നും വൈദ്യുത് പ്രവാഹം സൃഷ്ടിക്കുന്ന ഇവരുടെ ഓർമ്മയ്ക്ക് ഒരു സ്മാരകം പോലും ഇവിടെ ഉയർന്നില്ല. ഭരണകൂടം അടിച്ചേൽപ്പിച്ച നിരോധനത്തിനും കരിനിയമങ്ങൾക്കും ജന്മിത്വത്തിന്റെ കൊടുംക്രൂരതകൾക്കും തകർക്കാനാവുന്നതല്ല, കമ്യൂണിസ്റ്റുകാരന്റെ ഇച്ഛാശക്തിയും വിപ്ലവബോധവുമെന്ന് സ്വന്തം പ്രാണൻ കൊണ്ട് കാലത്തിന്റെ ചരിത്ര ഭിത്തികളിൽ കുറിച്ചിട്ട തില്ലങ്കേരി രക്തസാക്ഷികൾക്ക്, കമ്യുണിസ്റ്റ് പ്രസ്ഥാനം നൂറാം വാർഷികമാഘോഷിക്കുന്ന ഈ വേളയിലെങ്കിലും ഉചിതമായ സ്മാരകമുയരുമെന്ന് പഴയ തലമുറയിലെ പാർട്ടിപ്രവർത്തകർ പ്രതീക്ഷിക്കുന്നു.