supplyco
സപ്ലൈകോ

തലശ്ശേരി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ആറു വർഷമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തികയിൽ സ്ഥിരപ്പെടുത്താൻ നീക്കം. ഭരണമുന്നണിയിലെ ഒരുപോഷക സംഘടനയാണ് ഇതിന് മുൻകൈയെടുക്കുന്നത്.

പി.എസ്.സി റാങ്ക് ലിസ്റ്റ് എല്ലാ ജില്ലകളിലും നിലവിലുള്ളപ്പോഴാണ്, ദിവസ വേതനക്കാരുടെ സംഘടനയുടെ ഈ നീക്കമെന്നാണ് ആരോപണം. അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലുള്ളതിനാൽ ആ പേരിൽ നിയമിക്കാതെ മറ്റൊരു പേരിൽ പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം അഞ്ഞൂറിനുമുകളിൽ താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത് 5000നു മുകളിൽ വരും. പി.എസ്.സി പ്രായപരിധി പിന്നിട്ട നിരവധി പേർ റാങ്ക് ലിസ്റ്റിൽ ഉള്ളപ്പോഴാണ് ഈ അനീതിയെന്നാണ് പറയുന്നത്. ഈ റാങ്ക് ലിസ്റ്റിൽ നിന്ന് 10 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.

നിയമനകാര്യത്തിൽ സംഘടന അദ്ധ്വാനിക്കുന്നുണ്ടെന്നും തങ്ങളുടെ പരിശ്രമം ദിവസവേതനക്കാരെ ബോദ്ധ്യപ്പെടുത്തണമെന്നും ഈ സംഘടനയുടെ സർക്കുലർ വെളിപ്പെടുത്തുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കാണാൻ നേതൃത്വം പോകുന്നുണ്ടെന്നും ഇതിൽ പറയുന്നുണ്ട്.

412 സ്ഥിരം തസ്തികകൾ

മരവിപ്പിച്ചു
പുതിയ തസ്തിക സൃഷ്ടിക്കാൻ പ്രയാസമാണെന്ന് പറയുമ്പോഴും കാലങ്ങളായി വകുപ്പിൽ 412 സ്ഥിരം തസ്തികകൾ മരവിപ്പിച്ചു വച്ചിരിക്കുകയുമാണ്.1996 ൽ 2100 അസി. സെയിൽസ്‌മാൻ തസ്തിക ഉണ്ടായിരുന്നത് 2007 ൽ 1688 ആക്കി കുറച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ ധാരാളം വന്ന സമയത്ത്, തസ്തിക ഉയരേണ്ട വേളയിലാണ് തസ്തിക വെട്ടിച്ചുരുക്കിയത്. ഇത് പുനഃസ്ഥാപിക്കാൻ ഉദ്യോഗാർത്ഥികൾ നൽകിയ പരാതി ധനവകുപ്പിനു മുന്നിൽ പൊടിപിടിച്ചുകിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗാർത്ഥികൾ സമീപിച്ചെങ്കിലും നടപ്പിലായിട്ടില്ല. നിയമസഭാ യുവജന കമ്മിഷനും പരാതി നൽകിയിരുന്നു. ഇതിൽ അനുകൂല നടപടി ഉണ്ടായാൽ എല്ലാ ജില്ലകളിലെയും അനേകർക്ക് ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാവും.