പാലക്കുന്ന്: അപ്രതീക്ഷിതമായി വന്നെത്തിയ പെരുമഴയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിൽ. ഉദുമ പഞ്ചായത്തിൽ പതിനൊന്നാം വാർഡ് കുടുംബശ്രീ പൊന്മണി സംഘകൃഷി ഗ്രൂപ്പിന്റെ രണ്ടര ഏക്കർ അടക്കം മുതിയക്കാൽ, കണ്ണോൽ, കുതിരക്കോട്, അരവത്ത് വയലുകളിലെ 15 ഓളം ഏക്കറിൽ കൂടുതൽ നെൽകൃഷിയാണ് മുഴുവനായും വെള്ളത്തിൽ നശിച്ചത്.
വിളവെടുപ്പിന് തയ്യാറായി കൊയ്ത്ത് യന്ത്രം കാത്തിരിക്കവേയാണ് മഴ വന്നത്. മഴയ്ക്കൊപ്പം അഴിമുഖം അടഞ്ഞതും കാരണമായി. അഴി പൊട്ടുകയോ കൊത്തിമാറ്റുകയോ ചെയ്താലേ വയലുകളിലെ വെള്ളം ഇറങ്ങുകയുള്ളുവെന്നും അഴികൊത്താൻ പരിചയമുള്ളവരുടെ കുറവ് ഏറെ തടസങ്ങൾക്ക് കാരണമാകുന്നുവെന്നും കൃഷിയിറക്കിയ രാമചന്ദ്രൻ, ബാലൻ, രാമകൃഷ്ണൻ, ലക്ഷ്മി, നാരായണി തുടങ്ങിയവർ പറയുന്നു. കൊയ്തിട്ട നെല്ലുകളടക്കം നശിച്ചു പോയതിനാൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കർഷകരുടെ പരാതി.
ബാങ്കിൽ നിന്ന് വായ്പ എടുത്താണ് ഇവർ ഇത്തവണ കൃഷിയിറക്കിയത്. അതിനാൽ തന്നെ ബന്ധപ്പെട്ടവരുടെ കനിവും കത്തിരിക്കുകയാണ് കർഷകർ.