മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായി ഒരു വർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണിയില്ല. മട്ടന്നൂർ- മണ്ണൂർ- മരുതായി റോഡിന്റെ നവീകരണ പ്രവൃത്തിക്കിടെയാണ് കഴിഞ്ഞ വർഷം കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. നായിക്കാലി പാലത്തിന് സമീപം നിർമിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നിരുന്നു.
റോഡിന്റെ നവീകരണ പ്രവൃത്തി എങ്ങുമെത്താതെ നിലച്ചതോടെ ഗതാഗതം റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമാക്കി നിയന്ത്രിച്ചിരിക്കുകയാണ്. പുഴയിലെ വെള്ളം കൂടുന്നതനുസരിച്ച് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ ഇടിയുന്നുമുണ്ട്. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പടെയുള്ള യാത്ര സുഗമമാക്കുന്നതിനാണ് 25 കോടിയോളം രൂപ ചെലവിട്ട് മട്ടന്നൂർ-മണ്ണൂർ റോഡ് നവീകരിക്കുന്നതിന് സർക്കാർ ടെൻഡർ നൽകിയത്. ടെൻഡർ ഏറ്റെടുത്ത ഇരിക്കൂറിലെ കരാർ കമ്പനി രണ്ടു വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ചിരുന്നുവെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു.
മട്ടന്നൂർ മുതൽ മണ്ണൂർ പാലം വരെ റോഡ് വീതി കൂട്ടി നവീകരിക്കാനാണ് സർക്കാർ ടെൻഡർ നൽകിയത്. മണ്ണൂർ മുതൽ പെറോറ റോഡ് ജംഗ്ഷൻ വരെ മാത്രമാണ് മെക്കാഡം ടാർ ചെയ്തത്. ബാക്കി മട്ടന്നൂർ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് മെക്കാഡം ടാർ ചെയ്ത ശേഷം ഹരിപ്പന്നൂർ ചകിരിക്കമ്പനിക്ക് സമീപത്ത് 50 മീറ്ററോളം നീളത്തിൽ സംരക്ഷണ ഭിത്തിയും റോഡും തകർന്നു. നിർമാണത്തിലെ അപാകമാണ് റോഡ് തകർച്ചയ്ക്കിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണവുമുണ്ടായി.
തുക കൂടുതൽ വേണം
നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള കാലാവധി മൂന്ന് പല തവണ പുതുക്കി നൽകിയെങ്കിലും അതും അവസാനിച്ചിട്ട് മാസങ്ങളായി. പ്രവൃത്തി പൂർത്തീകരിക്കാൻ പത്ത് കോടിയോളം രൂപ അധികം അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സർക്കാരിന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരിക്കുകയാണ്. പുഴയുടെ അരികിൽ സംരക്ഷണ ഭിത്തി ഉൾപ്പെടെ നിർമിച്ചാണ് ഇനി അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മഴ നിന്നാൽ നിർമാണ പ്രവൃത്തി തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.