eenath-rukhiya
സീനത്തും റുഖിയയും

കാസർകോട്: സഹോദരിമാരും കോളേജ് അദ്ധ്യാപികമാരുമായ സീനത്തും റുഖിയയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയതിന്റെ ആഹ്ലാദത്തിലാണ് മൊഗ്രാലിലെ വീട്. മൂത്ത സഹോദരി സീനത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഡോക്ടറേറ്റ് നേടിയത്. അനുജത്തി റുഖിയയ്ക്കും ഇത്തവണ ഇംഗ്ളീഷ് സാഹിത്യത്തിൽ തന്നെ പിഎച്ച്.ഡി ലഭിക്കുകയായിരുന്നു.

എയർ ഇന്ത്യ ട്രാഫിക് വിഭാഗത്തിൽ നിന്നും വിരമിച്ച മൊഗ്രാൽ കൊപ്ര ബസാറിൽ ഫൈസീനാസിലെ മുഹമ്മദ് കുഞ്ഞി പരേതയായ മറിയുമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും. സീനത്ത് കോഴിക്കോട് ഫറൂഖ് കോളജിലും അനുജത്തി റുഖിയ കാഞ്ഞങ്ങാട് നെഹ്റു കോളജിലുമാണ് പ്രൊഫസർമാർ. ഇന്ത്യയിൽ ഇംഗ്ലീഷിലെ അറിയപ്പെടുന്ന നിരൂപകയും കവയത്രിയുമാണ് റുഖിയയും സീനത്തും.

കേരള കേന്ദ്ര സർവ്വകലാശാലയിൽ ഡോ. ജോസഫ് കോയിപ്പള്ളിയുടെ മേൽനോട്ടത്തിൽ 'പ്രവാസത്തിന്റെ കാവ്യാത്മകത, റോബർട്ട് ഫ്രോസ്റ്റ്റിന്റെ രചനകളിൽ' എന്ന വിഷയത്തിലാണ് റുഖിയ കഴിഞ്ഞ ദിവസം ഡോക്ടറേറ്റ് നേടിയത്. അരുന്ധതി റോയിയുടെ 'ഫിക്ഷൻ ആൻഡ് നോൺ ഫിക്ഷനിലെ മൾട്ടിപ്പിൾ വോയ്സ് (ബഹുസ്വരത)' ആയിരുന്നു സീനത്തിന്റെ ഗവേഷണ വിഷയം. തഞ്ചാവൂർ ഷൺമുഖ ആർട്സ് ടെക്‌നോജി റിസേർച്ച് ആൻഡ് അക്കാദമി (എസ്.എ.എസ്.ടി.ആർ.എ) യിൽ നിന്നാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. ഇരുവരുടെയും സഹോദരൻ ഫായിസ് മുഹമ്മദ് കുഞ്ഞി ദുബായിൽ എൻജിനീയറാണ്.

സീനത്ത് കുടുംബത്തോടൊപ്പം കോഴിക്കോട് ഫറൂഖ് കോളജിനടുത്താണ് താമസം. ഭർത്താവ് കെ എ ഇബ്രാഹിം ബാബു മലപ്പുറത്തെ സോഷ്യൽ അഡ്വാൻസ്‌ മെഡ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ പ്രൊജക്ട് ജനറൽ ആണ്. മക്കൾ: അഫ്താബ് അലി, മുഹമ്മദ് ആദിൽ, അഹ്മ്മദ് അദ്നാൻ. മൂവരും എൻജിനീയർമാർ. റുഖിയ മൊഗ്രാലിലാണ് താമസം. മക്കൾ: ത്വയ്യിബ് ഇസ്മായിൽ, സാഹിദ്, സിദാൻ. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രോത്സാഹനവും പിന്തുണയിലുമാണ് തനിക്ക് ഗവേഷണം പൂർത്തിയാക്കാൻ സാധിച്ചതെന്ന് റുഖിയ പറയുന്നു.