കാഞ്ഞങ്ങാട്: നിർദ്ധന വിദ്യാർത്ഥികളിലെ പഠനമികവിന് കേന്ദ്ര സർക്കാർ നൽകുന്ന സ്കോളർഷിപ്പ് കിട്ടാൻ അനിശ്ചിതമായ കാത്തിരിപ്പ്. എട്ടുവർഷമായി സ്കോളർഷിപ്പിന് കാത്തിരിക്കുന്നവരുണ്ടെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. എട്ടാം തരത്തിൽ പഠിക്കുന്ന വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കവിയാത്തവരുടെ മക്കൾക്കായാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്.
എല്ലാവർഷവും നവംബറിൽ പരീക്ഷ നടത്തി അടുത്ത വർഷം മേയ് മാസത്തിലാണ് ഫലം പ്രസിദ്ധീകരിക്കുക. വിജയികൾക്ക് പ്രതിമാസം ആയിരം രൂപ വീതം 4 വർഷം സ്കോളർഷിപ്പ് ലഭിക്കും. എല്ലാവരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തുന്നത്. പലർക്കും ഇതേ കുറിച്ച് നിശ്ചയമില്ല. കേന്ദ്ര ഫണ്ടായതിനാൽ ഇതു സംബന്ധിച്ച പരാതികൾ എവിടെ നൽകണമെന്ന് രക്ഷിതാക്കൾക്ക് ധാരണയില്ലെന്നാണ് പറയുന്നത്.
സ്കൂൾ, ഡി.ഇ.ഓ തലത്തിൽ പരാതികൾ നിരവധി തവണ നൽകിയിട്ടും സ്കോളർഷിപ്പ് ലഭിച്ച് 8 വർഷമായിട്ടും തുക ലഭിക്കാത്ത നിരവധി പേരുണ്ട്. താഴ്ന്ന വരുമാനക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ട ചെലവുകൾ കണ്ടെത്താൻ ഈ തുക പ്രയോജനപ്പെടുത്താൻ കഴിയാതെ വിഷമിക്കുകയാണ് പലരും. വിദ്യാഭ്യാസ അധികൃതരിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല. സംസ്ഥാന തലത്തിൽ ലഭ്യമായ ഫോൺ നമ്പറിൽ വിളിക്കുമ്പോൾ തീർത്തും നിരുത്തരവാദപരമായ മറുപടിയാണ് ലഭിക്കുന്നതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
കേന്ദ്ര സ്കോളർഷിപ്പ് വിദ്യാർത്ഥികളെ മാത്രമല്ല രക്ഷിതാക്കളെയും ചുറ്റിക്കുകയാണ്. ഈ സ്കോളർഷിപ്പ് നടത്തിപ്പിന് തിരുവനന്തപുരത്ത് ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനും കൃത്യമായ മറുപടി പറയാൻ പറ്റുന്നില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലത്തിലെങ്കിലും ഇതിന് ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനുണ്ടാകണം.
എം. ഗിരീഷ്, കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ