kodee

കാഞ്ഞങ്ങാട്: ഒരു പേരിലെന്തിരിക്കുന്നു എന്ന് പൊതുവെ പറയാറുണ്ടെങ്കിലും പേരിലും എന്തെങ്കിലുമുണ്ടെങ്കിലോ. അതെ ഇങ്ങ് വെള്ളരിക്കുണ്ടിൽ വെറുമൊരു ജെ.സി.ബി ഓപ്പറേറ്റർ ഒരു കോടീശ്വരനാണ്. പൂർവികസ്വത്തിനാലോ, ലോട്ടറി അടിച്ചോ അല്ല ഇയാൾ കോടീശ്വരനായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി പടവെട്ടന്റെയും റാണിയുടെയും രണ്ടു മക്കളിൽ മൂത്ത മകനായ ഇയാൾ കോടീശ്വരനായത് സ്വന്തം പേരിനാലാണ്. അതുകൊണ്ടു തന്നെ ഇയാൾ മരിക്കുന്നതുവരെ കോടീശ്വരൻ തന്നെയായിരിക്കും.

പക്ഷേ ഈ കോടിശ്വരനു തന്റെ പേരിന്റെ പൊരുളറിയില്ല അതിനാൽ തന്നെ ചിലരുടെ കളിയാക്കലുകൾ ആ യുവാവിനെ തെല്ലൊന്ന് അസ്വസ്ഥനാക്കുന്നുമുണ്ട്.

26 കാരനായ ഇയാൾ രണ്ടു വർഷമായി ഇവിടെ എത്തിയിട്ട്. സാധാരണക്കാരനായി കോടീശ്വരൻ ജെ.സി.ബിയുടെ ഓട്ടം നിയന്ത്രിക്കുന്നു. കഴിഞ്ഞ പത്തു വർഷമായി പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്ത കോടീശ്വരൻ ഇപ്പോൾ ജുല്‍കു കമ്പനിയിലെ തൊഴിലാളിയാണ്.

എന്താണ് പേര് എന്ന് ആരെങ്കിലും ചോദിച്ചാൽ കോടീശ്വരൻ എന്ന് പറയുമ്പോൾ ആരും വിശ്വസിക്കാത്തതും ഇയാൾക്ക് പരിഭവമുണ്ടാക്കുന്നുണ്ട്. കൈലി മുണ്ടും അലസമായുള്ള മുടിയുമായി ഞാൻ കോടീശ്വരൻ എന്ന് പറയുന്ന ഈ യുവാവിനെ ആളുകൾ കളിയാക്കി ചിരിക്കുമ്പോൾ കൈയിൽ കരുതിയ തിരിച്ചറിയൽ കാർഡ് എടുത്ത് കാണിക്കേണ്ട സ്ഥിതിയിലാണ് കോടീശ്വരൻ.

ദിവസേനയുള്ള ജോലി കഴിഞ്ഞ് അടുത്തുള്ള ചായ കടയിലേക്ക് ചായ കുടിക്കാൻ എത്തുമ്പോൾ കോടീശ്വരന് ഒരു ചായ എന്ന് പറയുമ്പോൾ കേൾക്കുന്നവർ അന്തം വിടും. ഇവനാണോ കോടീശ്വരൻ എന്ന ആത്മഗതത്തോടെ.