കാഞ്ഞങ്ങാട്: മഹാകവി ചെറുശ്ശേരി നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജന്മദേശമായ കണ്ണൂരിൽ മതിയായ സ്മാരകം പണിയണമെന്നും ചെറുശ്ശേരി പുരസ്കാരം ഏർപ്പെടുത്തി മലയാള കാവ്യ പാരമ്പര്യത്തെ നിലനിർത്തണമെന്നും ശില്പിയും കവിയുമായ കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. സപര്യ സാംസ്കാരിക സമിതിയുടെ ഓൺലൈൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ മിക്ക മഹാകവികൾക്കും സ്മാരകങ്ങൾ സർക്കാരിന്റെ സഹായത്തോടെ പണികഴിപ്പിച്ചിട്ടുണ്ട്. പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ചെറുശ്ശേരിയെ കേരളം പാടെ അവഗണിക്കുന്നതായി തോന്നിപ്പോകുന്നു. കൃഷ്ണഗാഥ എഴുതിയ ചിറക്കൽ ക്ഷേത്രത്തിനടുത്ത് തന്നെ ചെറുശ്ശേരിക്ക് സ്മാരകം പണിയുന്നതായിരിക്കും ഉചിതം. സ്മാരകത്തിന്റെ രൂപരേഖയും മറ്റു സഹായങ്ങളും നൽകാൻ സഹായിക്കാമെന്നും സപര്യ മുഖ്യ രക്ഷാധികാരി കൂടിയായ കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.സി. കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ, പ്രാപ്പൊയിൽ നാരായണൻ, കെ.എൻ. രാധാകൃഷ്ണൻ, മധുസൂദനൻ മട്ടന്നൂർ, അനിൽകുമാർ പട്ടേന, രാജേഷ് പുതിയകണ്ടം എന്നിവർ സംസാരിച്ചു.