പേരാവൂർ: കൊവിഡ് കാലത്തും കായികകരുത്തിന്റെ അടയാളമാകുകയാണ് വോളി ഇതിഹാസം ജിമ്മി ജോർജ്ജിന്റ നാടായ പേരാവൂർ തൊണ്ടിയിലുള്ള മോർണിംഗ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാഡമി. പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് 1000 കുട്ടികളെയെങ്കിലും മിലിട്ടറി, പൊലീസ് തുടങ്ങിയ സേനകളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2018ൽ തുടങ്ങിയ അക്കാഡമിയിൽ 250 കുട്ടികളാണ് ഇപ്പോൾ പരിശീലിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കമാൻഡോ മോഡൽ പരിശീലനമാണ് ഇവിടെ നൽകുന്നത്. രജിസ്‌ട്രേഷൻ ഫീസായി ചെറിയ ഒരു തുക മാത്രമാണ് വാങ്ങുന്നത്. പ്രാരാബ്ധക്കാർക്ക് അതും വേണ്ട. കേരള പൊലീസിൽ നിന്നും ഇൻസ്‌പെക്ടറായി റിട്ടയർ ചെയ്ത എം.സി. കുട്ടിച്ചനാണ് ഡയറക്ടർ. 32 വർഷത്തെ സേവനകാലത്ത് ട്രെയിനിംഗ് ഇൻസ്ട്രക്ടർ എന്ന നിലയിലാണ് കൂടുതലും പ്രവർത്തിച്ചത്. മാങ്ങാട്ടുപറമ്പ്,പാലക്കാട്, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ അക്കാഡമികളിൽ സേവനമനുഷ്ഠിച്ച പരിചയമാണ് അക്കാഡമിയിലെ പരിശീലനത്തിന്റെ മേന്മ.. ആയോധനകലയിലും സ്‌പോർട്സിലുമുള്ള താത്പര്യം സേവന കാലത്ത് ഗുണകരമായി. സർവ്വീസിലിരിക്കെ ധാരാളം ഗുഡ് സർവ്വീസ് എൻട്രികളും മണിറിവാർഡുകളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. പാനൂർ, മാറാട്, മുത്തങ്ങ എന്നിവിടങ്ങളിലെ സംഘർഷഭരിതമായ ഡ്യൂട്ടികളും ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ട്. ഇന്ത്യൻ കമാൻഡോസിനെപ്പോലും അതിശയിപ്പിക്കുന്ന പരിശീലനമാണ് ഇവിടെ നൽകുന്നത്. മൂന്നു മാസത്തെ പരിശീലനം നേടിയാൽ ഇന്ത്യയിലെ ഏത് ഫിസിക്കൽ ടെസ്റ്റും കുട്ടികൾക്ക് നിഷ്പ്രയാസം ജയിക്കാൻ കഴിയുമെന്ന് ഇൻസ്ട്രക്ടർ കൂടിയായ കുട്ടിച്ചൻ പറയുന്നു. ഇതിനോടകം കേരള പൊലീസ്, റേഞ്ചർ, മിലിട്ടറി തുടങ്ങിയ സേനകളിലായി 65 ഓളം കുട്ടികൾ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.
രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 100 പേർക്കാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന മിലിട്ടറി റാലിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും എം.സി. കുട്ടിച്ചന്റെ നേതൃത്വത്തിൽ അക്കാഡമിയിലെ കുട്ടികൾ ദുരന്തമുഖത്തുള്ളവർക്ക് കൈത്താങ്ങായി പ്രവർത്തിച്ചിരുന്നു. കൊട്ടിയൂരിലും, വയനാട്ടിലും ചാലക്കുടിയിലും ഇവർ സഹായവുമായെത്തി. പിന്നാലെ ദുരന്തനിവാരണ സേനയും രൂപീകരിച്ചു. കഴിഞ്ഞ ജനുവരിയിൽ ബാവലിപ്പുഴയിൽ ഒറ്റദിവസം 33 കിലോമീറ്റർ ശുചീകരണദൗത്യം നടന്നപ്പോൾ ചെകുത്താൻ തോട് മുതൽ അമ്പായത്തോട് വരെ മൂന്നര കിലോമീറ്റർ വരെയുള്ള ദുർഘട ഭാഗത്ത് പ്രവൃത്തി ഏറ്റെടുത്തത് മോർണിംഗ് ഫൈറ്റേഴ്സ് ആയിരുന്നു. 60 ചാക്ക് മാലിന്യമാണ് അന്ന് ഇവർ പുഴയിൽ നിന്നും ചുമന്ന് നീക്കിയത്. ദുരന്തമുഖങ്ങളിൽ സജ്ജരായി 50 അംഗ സേന ഇവിടെ സജ്ജമാണ്.