പാപ്പിനിശ്ശേരി: ദീർഘകാലത്തിന് ശേഷം വിവിധ പദ്ധതി ഫണ്ടുകളിലൂടെ നവീകരണം നടത്തുന്ന പാപ്പാനിശ്ശേരി ലിജിമ -പാളിയത്ത് വളപ്പ് റോഡിന്റെ നവീകരണ പ്രവൃത്തികൾ ഇഴയുന്നു. കൊവിഡ് കാലത്തെ ലോക്ക് ഡൗണും കാലവർഷവും ആണ് നവീകരണം ഇഴയാൻ കാരണമായി പറയുന്നതെങ്കിലും നാല് കിലോമീറ്ററോളം വരുന്ന റോഡിലെ യാത്ര നിലവിൽ അതികഠിനമാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പിടാനായി റോഡിന്റെ പകുതി ഭാഗം കുത്തി പൊട്ടിച്ച് റോഡിന്റെ അവസ്ഥ പരിതാപകരമാക്കിയിരുന്നു.

ഇപ്പോൾ റോഡ് പൂർണമായി തകർന്നതോടെ ഭൂരിഭാഗം മേഖലയും യാത്രാ യോഗ്യമല്ല. പൊതുമരാമത്തിന്റെ കീഴിൽ അഴീക്കോട്, കല്യാശ്ശേരി എം.എൽ.എമാരുടെ വിവിധ വികസന പദ്ധതികളിലൂടെ മൂന്നു കോടിയാണ് റോഡ് വികസനത്തിനായി അനുവദിച്ചത്. കാലവർഷ കാലത്ത് റോഡിന്റെ ഭൂരിഭാഗം സ്ഥലത്തും വെള്ളം കെട്ടി നിൽക്കുന്നതും പതിവാണ്. അവ ഒഴിവാക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ ഓവുചാലുകൾ നിർമ്മിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. എന്നാൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും വീതി കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് വികസനത്തിനും ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് റോഡിലൂടെയുളള യാത്ര അതീവ ദുഷ്‌കരവും അപകടം നിറഞ്ഞതുമാണ്.

നാല് ബസുകൾ അടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണിത്. പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി നടക്കുന്ന ഘട്ടത്തിൽ പഴയങ്ങാടി -പയ്യന്നൂർ ബസുകൾ വഴി തിരിച്ച് വിട്ട സമാന്തര പാത കൂടിയാണ്. റൂട്ടിലെ എല്ലാ ബസുകളും സർവ്വീസ് നിറുത്തിയത് നാട്ടുകാരുടെ യാത്രയും മുടക്കുകയാണ്.