തൃക്കരിപ്പൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വലിയപറമ്പയിലെ മാടക്കാലിൽ 'നോ മാസ്ക്- നോ എൻട്രി ' കാമ്പയിനിന് തുടക്കമായി. മാസ്കില്ലാതെ കടകളിൽ ആരേയും പ്രവേശിക്കാൻ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി പോസ്റ്റർ വിതരണം, കാംപയിൻ വിവരണം, ഷോപ്പ് ദി വീക്ക്, ഗ്രേഡിംഗ്, ബോധവത്ക്കരണം എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും. ജാഗ്രത സമിതിയും മാഷ് നോഡൽ ആൻഡ് ലെയ്സൺ ഓഫീസേഴ്സും ചേർന്നാണ് കാംപയിൻ പ്രവർത്തനങ്ങൾ നടത്തുന്നത്.

ക്രമീകരണങ്ങൾ, ശുചിത്വം, മാതൃകാപരമായ മറ്റ് കാര്യങ്ങൾ എന്നിവ നിരന്തരമായി വിലയിരുത്തിയാണ് നാട്ടിലെ കടകൾക്ക് ഗ്രേഡ് നൽകുന്നത്. ആഴ്ചതോറുമുള്ള ഷോപ്പ് ഓഫ് ദ വീക്ക് ഗ്രേഡിംഗും മാസാവസാനമുള്ള 'ഷോപ്പ് ഓഫ് ദ മൻത് 'പുരസ്ക്കാരവും നൽകാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗം ഹക്കീം മാസ്റ്റർ കാമ്പയിൻ ഉദ്ഘാടനവും ചന്തേര സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കുമാർ പോസ്റ്റർ വിതരണവും നിർവഹിച്ചു. ജാഗ്രത സമിതി അംഗങ്ങളായ പി. പ്രവീൺ, ശശി കീനേരി, കെ. റഷീദ് എന്നിവരും മാഷ് പദ്ധതി അംഗങ്ങളായ നോഡൽ ഓഫീസേഴ്സ് സലാം, ലെയ്സൺ ഓഫീസേഴ്സായ ബുഷ്റ, ഷാക്കിറ എന്നിവരും സംബന്ധിച്ചു.