തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിലെ പുലർകാല കീർത്തനങ്ങളും സന്ധ്യാരാഗങ്ങളും മാറ്റൊലി കൊള്ളുന്ന 'ശരവണം' ഇന്ന് കിളിയൊഴിഞ്ഞ കൂടു പോലെയാണ്. ടെമ്പിൾ ഗേറ്റിലെ ഈ പൂമരത്തിരുന്നാണ് ദശകങ്ങളോളം മലയാളസംഗീതത്തിലെ വിഷുപ്പക്ഷി കെ.രാഘവൻ മാസ്റ്റർ പാടിയിരുന്നത്.
ജഗന്നാഥ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ശ്രീ നാരായണ ഗുരു വന്നപ്പോഴൊക്കെ പലവട്ടം താമസിച്ച വീടാണിത്. സിമന്റ് തറയുള്ള വീട്ടിലെ കുളിമുറി മാത്രം ഗുരുവിന് കുളിക്കാൻ വേണ്ടി അന്ന് വീട്ടുകാർ മാർബിൾ പാകിയിരുന്നു. മുകളിലത്തെ പൂജാമുറിയിൽ ഗുരു ധ്യാനത്തിലിരുന്നിട്ടുണ്ട്. മലയാളത്തിന് ആദ്യമായി നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന് മലയാള ഭാഷയുടെ മാധുര്യം പകർന്നേകിയ ഊരാച്ചേരി തറവാട്ടിലെ അതിപ്രശസ്തനായ വിഷവൈദ്യനായിരുന്നു അക്കാലത്ത് ഇവിടെ താമസിച്ചിരുന്നത്. ഗുരു കിടന്നിരുന്ന കട്ടിലും, സ്ഥിരമായി ഇരിക്കാറുള്ള കസേരയും ഇപ്പോൾ ഈ തറവാട്ടംഗമായ ദേവഗിരി കോളജ് മുൻ പ്രൊഫസറായ ജയചന്ദ്രന്റെ കോഴിക്കോട്ടുള്ള വീട്ടിൽ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. പിന്നീടാണ് രാഘവൻ മാഷിന്റെ കുടുംബം ഈ വീട് വാങ്ങിയത്.
ഇപ്പോൾ ഈ വീട്ടിലെ താമസക്കാരനായ രാഘവൻ മാഷിന്റെ മകനും ഗായകനുമായ മുരളീധരൻ ഇന്നും ഗുരുഭക്തിയോടെ പൂജാമുറി പരിപാലിച്ചു വരുന്നുണ്ട്.പഴയ തറവാട്ട് വീട്ടിന് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു.മുരളീധരന്റെ മകൾ വിസ്മയ, അനുഗൃഹീത ഗായികയും, ചിത്രകാരിയുമാണ്.
ജീവിതത്തിന്റെ അവസാന കാലത്താണ് അച്ഛനെ പലരും തിരിച്ചറിഞ്ഞതും ഏറെ ആദരിക്കപ്പെട്ടതെന്നും മകൻ മുരളി പറഞ്ഞു. കെ.സി.ദാനിയേൽ അവാർഡ്, പത്മശ്രീ പുരസ്കാരം, ഡോക്ടറേറ്റ് ബഹുമതി എന്നിവയെല്ലാം ജീവിതാന്ത്യത്തിൽ ലഭിച്ചതാണ്. ഗന്ധർവ ഗായകൻ യേശുദാസ്, ഭാവഗായകൻ പി.ജയചന്ദ്രൻ, നടൻ സുരേഷ് ഗോപി, മുഹമ്മദ് റഫിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരൊക്കെ വന്നിരുന്നു.
ഹൃദയം പോലെ ഹാർമോണിയം
കാലപ്പഴക്കമുള്ള തന്റെ ഹാർമോണിയം മാസ്റ്റർക്ക് സ്വന്തം ഹൃദയം പോലെയായിരുന്നുവെന്ന് മാഷിന്റെ ശിഷ്യനും ഹാർമോണിയം ടെക്നീഷ്യനുമായ നങ്ങാറത്ത് പീടികയിലെ പി.പി. ഹരീന്ദ്രൻ പറഞ്ഞു. ഇതിന് ശ്രുതിഭംഗം വന്നാൽ മാഷിന് സഹിക്കാനാവുമായിരുന്നില്ലെന്ന് ഹരീന്ദ്രൻ പറഞ്ഞു. ഈ ഹാർമോണിയത്തിലാണ് നൂറു കണക്കിന് അനശ്വരഗാനങ്ങളുടെ ഈണം പിറവിയെടുത്തതെന്നും ഇദ്ദേഹം പറഞ്ഞു. ഈ ഹാർമോണിയം പോലെ പ്രിയപ്പെട്ടതായിരുന്നു മാഷിന് തന്റെ ചാരുകസേരയും. അതും ഹരീന്ദ്രൻ തന്നെയായിരുന്നു റിപ്പയർ ചെയ്തിരുന്നത്.
സംഗീത കോളജ് സ്ഥാപിക്കണം
ഉത്തരകേരളത്തിൽ അനശ്വര സംഗീതജ്ഞൻ കെ.രാഘവൻ മാഷിന്റെ പേരിൽ സംഗീത കോളജ് സ്ഥാപിക്കണമെന്ന് മാഷിന്റെ സന്തത സഹചാരിയും, പ്രശസ്ത ഗായകനുമായ വി.ടി. മുരളി പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെയുള്ള സംഗീതപ്രേമികൾക്ക് ഇത് വലിയ അനുഗ്രഹമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.