പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിലെ കായികപ്രേമികളുടെ ചിരകാലാഭിലാഷമായ ഇൻഡോർ സ്റ്റേഡിയത്തിന്റെ അവസാന മിനുക്കുപണി നടക്കുകയാണ്. മീത്തലെ ചമ്പാട് പൊന്ന്യം പാലം റോഡിൽ സർക്കാർ ഭൂമിയായ 40 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം. മിനുക്ക് പണി പൂർത്തിയാവുന്നതോടെ മന്ത്രി ഇ.പി ജയരാജൻ സ്റ്റേഡിയം നാടിന് സമർപ്പിക്കും.
എ.എൻ ഷംസീർ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 1.24 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം നടത്തിയത്. ഇ. വിജയന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് സ്റ്റേഡിയത്തിനായി ഒരു രൂപ ലീസിനു കരാറെഴുതി ഏറ്റെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയുടെയും മുൻ പ്രസിഡന്റുമാരുടെയും പരിശ്രമത്തിന്റെയും എം.എൽ.എയുടെയും പിന്തുണയിലാണ് ഏറെക്കാലത്തെ കായിക പ്രേമികളുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്നത്.