butterfly
ശലഭ നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ

തളിപ്പറമ്പ്: പണം ചോർത്തുന്ന വീഡിയോഗെയിമുകളുടെ ലോകം വിട്ട് തങ്ങളുടെ ചുറ്റുവട്ടം നിരീക്ഷിക്കാൻ ഇറങ്ങിയതായിരുന്നു പാച്ചേനി ഗവ. ഹൈസ്‌കൂൾ ഇക്കോ ക്ലബ്ബിലെ കുട്ടികൾ.

'ഐ നേച്വറലിസ്റ്റ്' എന്ന ഓൺലൈൻ സിറ്റിസൺ സയൻസ് പോർട്ടലുമായി സഹകരിച്ച് 'ബിഗ് ബട്ടർഫ്‌ളൈ മന്ത് കേരള' യുടെ ഭാഗമായി സർവ്വേ നിരീക്ഷണത്തിൽ ഇവർ കണ്ടെത്തിയത് അപൂർവ്വങ്ങളായ ശലഭ വൈവിധ്യങ്ങളെ.

ഇവയിൽ ഭൂരിഭാഗവും ഫോട്ടോ ഡോക്യുമെന്റേഷൻ നടത്തി ഐ നേച്ചറലിസ്റ്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട് കുട്ടികൾ. ദേശീയ ചിത്രശലഭ പദവിയിലേക്ക് മത്സരിക്കുന്ന വിലാസിനി മുതൽ പുള്ളിവാലൻ, വെള്ളിവാലൻ, പുള്ളിച്ചാത്തൻ, സുവർണ്ണ ഓക്കിലശലഭം, ചെഞ്ചിറകൻ, ഒറ്റവരയൻ സർജന്റ്, ഇന്ത്യൻ നവാബ് തുടങ്ങി ഒട്ടേറെ അപൂർവ്വം ചിത്രശലഭങ്ങളെയാണ് ഇവർ കണ്ടെത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭത്തിന്റേതുൾപ്പെടെ മൂന്നിനം ശലഭങ്ങളുടെ പ്രജനന സസ്യമായ ഗരുഡക്കൊടിയുടെ സാന്നിധ്യം വളരെ കുറഞ്ഞുവരുന്നതായി സർവ്വേയിൽ കണ്ടെത്തി.

രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് സർവ്വേക്ക് ലഭിച്ചത്. പ്രധാനാദ്ധ്യാപിക നിർമലയാണ് സർവേ ഉദ്ഘാടനം ചെയ്തത്. ക്ലബ്ബ് കോ ഓഡിനേറ്റർ സി. റാഫി നേതൃത്വം നൽകി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളായ അനയ് കൃഷ്ണ, പി.പി നന്ദന, ഫാത്തിമത്ത് സഫ്‌ന, വി.വി സൂര്യ , എൻ.കെ സനിക, ഒ. മുഹമ്മദ് നിഹാൽ, യു. ദേവിക, സന ഫാത്തിമ, സി. റസ്‌ല, ദൃശ്യ ഗണേഷ് എന്നിവർ നേതൃത്വം നൽകി. ആയിഷ ഫിദ, എ.വി ദേവപ്രിയ, കെ.പി ഹാജറ, ജി. ചാരുത എന്നിവരെ മികച്ച നിരീക്ഷകരായി തിരഞ്ഞെടുത്തു

വരവായി തുലാത്തുമ്പികളും...

വർണച്ചിറകുവീശി ലോകമാകെ പറന്നുല്ലസിക്കുന്ന തുലാത്തുമ്പികളെ നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനം. കൂട്ടമായി പറക്കുന്ന തുലാത്തുമ്പികളുടെ ദേശാടനം ആരംഭിച്ചതോടെയാണ്‌ ഓരോ പ്രദേശത്തും ഇവയെത്തുന്ന കാലാവസ്ഥയും ആവാസ വ്യവസ്ഥയും ഒപ്പിയെടുക്കാൻ ‘പാൻ പന്റാല ഫ്ലേവസൻസ്' എന്നപേരിൽ ഇ– ഫോം സംവിധാനം ഒരുക്കിയത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധിപേർ തുമ്പികളുടെ ദേശാടനം രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ തുമ്പികളെക്കുറിച്ചു പഠിക്കുന്ന ‘സൊസൈറ്റി ഫോർ ഓഡോനേറ്റ് സ്റ്റഡീസ്’ ആണ്‌ ഇ– ഫോം ഒരുക്കിയത്‌.

തുലാമാസമാകുമ്പോൾ കേരളത്തിൽ ആയിരക്കണക്കിന് തുമ്പികൾ എത്താറുണ്ട്. താമസിയാതെ അവരുടെ എണ്ണം ലക്ഷങ്ങളിലെത്തും. വർഷാവസാനത്തോടെ എണ്ണം പതിയെ കുറഞ്ഞ് കാണാതാകും. ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും മൺസൂൺ കാറ്റുകളെ പ്രയോജനപ്പെടുത്തി ദേശാടനം നടത്തുന്നവയാണ് ഇവയെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.