പയ്യാവൂർ (കണ്ണൂർ): മലയോരമേഖലയിലെ കർഷകരുടെ പേടി സ്വപ്നമായ കാട്ടുപന്നികളെ പ്രതിരോധിക്കാൻ പരീക്ഷിച്ച് വിജയിച്ച മരുന്നുമായി പയ്യാവൂരിലെ പരമ്പരാഗത കർഷകൻ കളപ്പുരയ്ക്കൽ ഫ്രാൻസിസ്. ഫാമിലെ വളർത്തുപന്നികളുടെ കാഷ്ഠം പറമ്പിൽ വിതറിയതുമുതൽ ഒരുചുവട് കപ്പ പോലും നഷ്ടമായിട്ടില്ലെന്നാണ് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
തന്റെ കൃഷിത്തോട്ടത്തിലെ കപ്പ മുഴുവൻ വെടിപ്പാക്കിയപ്പോഴാണ് ഫാമിലെ അമ്പതോളം പന്നികളുടെ കാഷ്ഠം പറമ്പിൽ വിതറിയത്. നൂറ് ശതമാനം വിജയമായിരുന്നു തന്ത്രം. ഫ്രാൻസിസിന്റെ അഞ്ചേക്കറിൽ വിളയാത്തതായി ഒന്നുമില്ല. നെല്ല്.പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, പയറുവർഗങ്ങൾ തുടങ്ങി ഇരുപത്തിയഞ്ചിനം കപ്പ, പതിനെട്ടിനം മഞ്ഞൾ എന്നിവ നിരന്നുനിൽക്കുന്നു. മുൻ വർഷങ്ങളിൽ ചാണകവും മറ്റു ജൈവ വളങ്ങളും ഉപയോഗിച്ച് കൃഷി ചെയ്ത വിളകൾ പന്നി നശിപ്പിക്കുമായിരുന്നു. ഇപ്പോൾ നല്ല വിളവും ലഭിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പറയുന്നു.
ഫാമിലെ പന്നികളുടെ വിസർജ്ജ്യവസ്തുക്കൾ ബയോഗ്യാസ് പ്ലാന്റിലേക്ക് കടത്തിവിട്ട് ബാക്കി വരുന്ന മാലിന്യമാണ് വളമായി ഉപയോഗിച്ചത്. ഇതോടെ കീടങ്ങളുടെ ശല്യവും കുറഞ്ഞിട്ടുണ്ട്.
കളപ്പുരയ്ക്കൽ ഫ്രാൻസിസ്