labtech

ഒരുലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും

കാസർകോട്: ലാബ് ടെക്‌നീഷ്യൻ മേഖലയിലേക്ക് കടന്നുവരാൻ വൻകിട ലോബികൾക്ക് സർക്കാർ സഹായം ഒരുക്കുന്നത് ചെറുകിട ലാബുകൾക്ക് ഭീഷണിയാകുന്നു. ഭാവിയിൽ ചെറുകിട ലാബുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാൽ ലാബ് ടെക്‌നീഷ്യൻ മേഖലയിൽ പണിയെടുക്കുന്നവരുടെ ഭാവിയാണ് ഇരുളടയുക.

നിയമസഭയിൽ അവതരിപ്പിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായി മിനിമം സ്റ്റാൻഡേർഡ് കമ്മിറ്റി തയ്യാറാക്കിയ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചാൽ കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ലാബുകൾക്കും താഴ് വീഴുമെന്നാണ് പറയുന്നത്. ചർച്ചയ്ക്ക് വച്ചിരിക്കുന്ന നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തയ്യാറായില്ലെങ്കിൽ ലാബുകളുടെ നടത്തിപ്പ് പ്രയാസകരമാകും.

പ്രസ്തുത റിപ്പോർട്ടിൽ ലാബുകളെ മൂന്ന് വിഭാഗമായി തരംതിരിച്ചാണ് കാണിച്ചിരിക്കുന്നത്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. പരിശോധനയ്ക്കും കാത്തിരിപ്പിനും പ്രത്യേകം മുറികൾ, മാലിന്യ സംസ്‌കരണത്തിന് സംവിധാനം എന്നിവ ഇല്ലെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകില്ലെന്നാണ് വ്യവസ്ഥ. കെട്ടിടത്തിന് 500,1500, 2000 ചതുരശ്ര അടി വീതമുള്ള വിസ്തീർണ്ണം വേണമെന്ന റിപ്പോർട്ടിലെ നിർദ്ദേശവും ചെറുകിട ലാബുകളെ പ്രതിസന്ധിയിലാക്കും.

കാസർകോട് ജില്ലയിൽ ഉൾപ്പെടെ നിലവിലുള്ള കെട്ടിടങ്ങളിലൊന്നും റിപ്പോർട്ടിൽ പറയുന്ന വിസ്തീർണ്ണമില്ല. ഹൈടെക്ക് പരിശോധന സംവിധാനമെന്ന നിർദ്ദേശവും അപ്രായോഗികമാണ്. വൻകിട കുത്തക മുതലാളിമാർക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനുള്ള വഴി തുറക്കാനാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് ആരോപണം. നിരക്കുകളുടെ കുറവും റിപ്പോർട്ടുകളുടെ ഗുണനിലവാരവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്ത വൻകിടക്കാർക്ക് വിവിധ ജില്ലകളിൽ ലാബുകൾ തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിക്കഴിഞ്ഞു.

റിപ്പോർട്ട് തയ്യാറാക്കിയത് ഉപസമിതി അറിയാതെ

സർക്കാർ നോമിനേറ്റ് ചെയ്തവരാണ് ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ രൂപീകരിച്ച ഉപസമിതിയിലുള്ളത്. ലാബ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികൾ സമിതിയിൽ ഉണ്ടെങ്കിലും ഇവരാരും അറിയാതെയാണ് ബില്ലിന്മേലുള്ള റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആക്ഷേപം.

കോടികളുടെ ആസ്തിയുള്ള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഇടപെടലിന് വേണ്ടിയാണ് പുതിയ റിപ്പോർട്ടുകൾ. ചെറുകിട ലാബുകൾ പൂട്ടിയാൽ പാവങ്ങൾക്ക് ഷുഗർ ടെസ്റ്റ് ചെയ്യാൻ മൂന്നിരട്ടി തുക നൽകേണ്ട അവസ്ഥയുണ്ടാകും. മലയോരങ്ങളിൽ രോഗികൾക്ക് എളുപ്പത്തിൽ സേവനം ലഭിക്കുന്നത് ചെറുകിട ലാബുകളിൽ നിന്നാണ്. ഇതെല്ലം നിലയ്ക്കും.

കെ.രാജേന്ദ്രൻ

( കാസർകോട് ജില്ലാ പ്രസിഡന്റ്, മെഡിക്കൽ ലബോറട്ടറീസ് ഓണേഴ്‌സ് അസോസിയേഷൻ)

കടുത്ത മത്സരം ഉണ്ടാകുമ്പോൾ ചെറുകിട ലാബുകൾ നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടും. മുറികളുടെ വിസ്തീർണം, ഡോക്ടർമാർ, ഹൈടെക്ക് സംവിധാനം വേണം തുടങ്ങിയ നിബന്ധനകൾ നടത്തിപ്പിനെ ബാധിക്കും.

ഇന്ദിര ശ്രീധർ

(ഐ.ഡി.എൽ ലാബ് ഉടമ, കാസർകോട് )