river
മയ്യഴിപ്പുഴയിൽ ഒളവിലം ഭാഗത്തു നിന്നുള്ള മനോഹര ദൃശ്യം

മാഹി: ഫ്രഞ്ച് 'ബ്രവെ' പാസ്സായ മകൻ ദാസനെ മൂപ്പൻ സായ്‌വിനെപ്പോലെ കോട്ടും കാൽസരായിയുമിട്ട് വലിയ ഉദ്യോഗസ്ഥനായി കാണാനാണ് അച്ഛൻ ദാമുറൈട്ടറും അമ്മ കൗസുവും ആഗ്രഹിച്ചത്. എന്നാൽ ദാസന്റെ ചിന്തകളിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ കൊടുങ്കാറ്റായിരുന്നു. ഴാന്താർക്കിന്റേയും മറിയന്നിന്റേയും പോരാട്ടവും സഹനവും സമർപ്പണവും കൊണ്ട് മനസ് ചുട്ടുപഴുപ്പിച്ച ദാസനെ മയ്യഴിയുടെ കഥാകാരൻ സൃഷ്ടിച്ചത് വിപ്ളവസ്വപ്നങ്ങളുടെ അരിക് ചേർന്നൊഴുകിയ ആ നാട്ടിലെ പുഴയെ തൊട്ടറിഞ്ഞാണ്. കമ്മ്യൂണിസത്തിന് വേരും വളവും നൽകിയ വലിയ പോരാട്ടങ്ങളുടെ കഥകളൊരുപിടിയുണ്ട് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.

ഏറാമലയിലെ ഒഞ്ചിയത്ത് നടന്ന വെടിവെപ്പിൽ എട്ട് കമ്യൂണിസ്റ്റുകാർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും രക്തസാക്ഷിത്വം വരിച്ചു. ഒഞ്ചിയത്ത് 1948 ഏപ്രിൽ 30ന് പുലർച്ചെയായിരുന്നു വെടിവെപ്പ് നടന്നത്. തലേദിവസം വൈകിട്ട് ഇ.എം.എസും പി.ആർ നമ്പ്യാരും എം. കുമാരൻ മാസ്റ്ററുമടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗം നിശ്ചയിച്ചതായിരുന്നു. പാർട്ടി നിരോധിച്ച സമയം. വിവരം പുറത്തായെന്ന് ബോധ്യമായതോടെ സഖാക്കൾ റെയിൽ വഴിനടന്ന് രാത്രിയിൽ നേതാക്കളെ ഫ്രഞ്ചധീന പ്രദേശമായ മാഹിയിലെത്തിച്ചു. വാണിമേൽ, ഭൂമിവാതുക്കൽ, നാദാപുരം, വിലങ്ങാട് പ്രദേശങ്ങളിലെല്ലാം നടന്ന ജൻമി നാടുവഴി ക്രൂരതകൾക്കെതിരെ നടന്ന ഐതിഹാസികമായ മിച്ചഭൂമി, കുടികിടപ്പ് സമരങ്ങൾക്കെല്ലാം ഈ പുഴ സാക്ഷിയായി.
പുഴയോട് ചേർന്ന് കിടക്കുന്ന ചെറുകല്ലായി കുന്നിലാണ് രണ്ട് കമ്യൂണിസ്റ്റ് പോരാളികൾ ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തിൽ വെടിയേറ്റ് മരിച്ചത്. അടിയന്തരാവസ്ഥയിൽ ക്രൂരനായ പൊലീസുകാരന്റെ കാൽ വെട്ടിയ ഒരു കമ്യൂണിസ്റ്റുകാരൻ ഈ പുഴയിൽ ചാടിയാണ് രക്ഷപ്പെട്ടത്. മറ്റൊരിക്കൽ പെരിങ്ങാടി റെയിൽവേ പാലത്തിലൂടെ മറുകരയിലേക്ക് പോവുകയായിരുന്ന മറ്റൊരു വിപ്ളവകാരി രക്ഷപ്പെട്ടതും ഇതെ പുഴയിൽ ചാടി. ഒളിവുകാലത്ത് പുഴയോരത്തായിരുന്നു നേതാക്കളുടെ സങ്കേതങ്ങൾ. ഷെൽട്ടറുകളിൽ നിന്ന് പൊലീസുകാർ വരുന്നത് കാണാം.പുഴയിൽ ചാടി മറയാം.
മയ്യഴിപുഴയും അറബിക്കടലും സംഗമിക്കുന്ന ചെറുകുന്നിലായിരുന്നു 233 വർഷക്കാലം ഫ്രഞ്ചുകാരുടെ ഭരണ സിരാകേന്ദ്രമായിരുന്ന മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവ്. ഇവിടേക്ക് മയ്യഴി ഗാന്ധി ഐ.കെ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന അന്തിമ പോരാട്ട ജനകീയ മാർച്ച് പുഴയോരത്തൂടെയായിരുന്നു.