മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് കാടുകയറിട്ടും അനക്കമില്ലാതെ അധികൃതർ. കൊതേരി മുതൽ നാഗവളവ് ഉൾപ്പെടെ റോഡിനിരുവശവുമാണ് കാടുകയറി യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നത്. മഴക്കാലത്തിന് മുമ്പെ തന്നെ റോഡരികുകൾ കാടുപിടിച്ചിരുന്നു. ഇതിൽ നടപടിയില്ലാതായതോടെ വീണ്ടും തഴച്ചുവളർന്നു. ഇപ്പോൾ എതിരെ വരുന്ന വാഹനങ്ങൾ പരസ്പരം കാണാത്ത വിധം മിക്കയിടങ്ങളിലും അപകടാവസ്ഥയാണ്. റോഡരികിൽ സ്ഥാപിച്ച ദിശാബോർഡുകൾ പോലും കാണാൻ കഴിയാത്ത അവസ്ഥയ്ക്കു പുറമെ ചില ബോർഡുകൾ നശിച്ച നിലയിലുമാണ്.

റോഡിനാകട്ടെ വീതി കുറവും കുഴികളുമുണ്ട്. നാഗവളവ് പരിസരം വലിയവാഹനങ്ങൾ മുഖംകുത്തിയും മൂക്ക് പൊത്തിയും വേണം പോകാൻ. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ഇതിലെ ബസുകൾക്കു പുറമെ, വലിയ ചരക്കുലോറികളടക്കം അനവധി വാഹനങ്ങളാണ് നിത്യേനെ കടന്നുപോകുന്നത്. ഒപ്പം വിമാനത്താവള യാത്രക്കാരും. റോഡിന്റെ അവസ്ഥ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പരാതിയുണ്ട്.

കാടുപിടിച്ച ഇടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതും യാത്രക്കാരെ ഈ വഴിയിൽ നിന്ന് അകറ്റുകയാണ്. കാൽ നടക്കാർക്ക് റോഡ് അരികിലൂടേ നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. വാഹനങ്ങൾ ഇടവിടാതെ ചീറിപായുന്ന റോഡിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്നവർ അപകട ഭീഷിണിയിലാണ്. രാത്രിയായാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.