nihal
മുഹമ്മദ് നിഹാൽ

തൃക്കരിപ്പൂർ: വാഷിംഗ്ടൺ ആസ്ഥാനമായുള്ള മൈക്രേസോഫ്റ്റിനും ലെൻസ് ഡിസൈനും വേണ്ടി ഇന്റർനാഷണൽ കണക്ടർ എന്ന ഏജൻസി നടത്തുന്ന പ്രോജക്ടിലെ സാന്നിധ്യമായ മുഹമ്മദ് നിഹാൽ അന്തർദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നു. പദ്ധതിയിലെ ഏക മലയാളി സാന്നിദ്ധ്യമായ ഈ ഉദിനൂർ സ്വദേശി 'ഫ്യൂച്ചർ വർക്ക് ഫോഴ്സ്' എന്ന പ്രോജക്ടിൽ പങ്കാളിയായാണ് ശ്രദ്ധേയനാകുന്നത്.

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള 26 അംഗ സംഘത്തിൽ നിഹാലിന് പുറമെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുതന്നെ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ. കുറ്റിപ്പുറം എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിംഗിലെ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.

കോളേജിലെ സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ പ്രാരംഭഘട്ടത്തിലുള്ള 'ഓറിയോൺ ഫ്‌ളെയറിലെ' സഹസ്ഥാപകൻ കൂടിയാണ് നിഹാൽ. കോളേജിലെ പല പദ്ധതികളുടെ അംബാസിഡറുമാണ്. ഇപ്പോൾ പഠനത്തിനൊപ്പം കൊവിഡ് സേഫ് നെറ്റ്‌വർക്കിംഗിന്റെ ഭാഗമായി നടത്തുന്ന കമ്മ്യൂണിറ്റി അവയർനെസ്സിന്റെ കോഴ്സ് മാനേജറായും പ്രവർത്തിക്കുന്നുണ്ട്. ഉദിനൂരിലെ കെ.എസ്.ഇ.ബി. എൻജിനീയറായിരുന്ന പരേതനായ എ.കെ.അബ്ദുൽ ലത്തീഫിന്റെയും പിലിക്കോട് മാണിയാട്ട് സ്വദേശിനി റസീന ബീഗത്തിന്റെയും മകനാണ് ഈ മിടുക്കൻ.

21 -ാം വയസിൽ ലോകശ്രദ്ധയിൽ

ഈ ചെറിയ പ്രായത്തിനുള്ളിൽ തന്നെ യൂണിവേഴ്സൽ യൂത്ത് മൂവ്‌മെന്റ് അസിസ്റ്റന്റ് കൺട്രി അംബാസഡറായ നിഹാൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിൽ നടന്ന ഗ്ലോബൽ പീസ് സമ്മിറ്റ് 2020ലെ ഗോൾഡ് മെഡൽ വിജയി കൂടിയാണ്. ഇന്തോനേഷ്യയിലെ ടെലികോം യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ചെറുകഥാ മത്സരത്തിലും കേരള സ്റ്റാർട്ടപ്പ് മിഷൻ ഐ.ടി.സി കമ്മിറ്റി 2019ലും പങ്കെടുത്തിരുന്നു ശാസ്ത്രമേളയിലും മറ്റും മികച്ച വിജയം നേടിയിരുന്നു.

'ഫ്യൂച്ചർ വർക്ക് ഫോഴ്സ്'

വരും തലമുറയിലെ ജീവനക്കാരുടെ മാനസികവും ശാരീരികവുമായ കരുത്ത് വർദ്ധിപ്പിച്ച് കമ്പനിയുടെ പദ്ധതിക്ക് പുതിയ ഡിസൈൻ ഒരുക്കുക എന്നതാണ് ലക്ഷ്യം.നഗരമധ്യത്തിലെ വൻകിട കെട്ടിടത്തിന് പകരം പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ട് പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കുന്ന സംവിധാനങ്ങളിൽ ജോലി ചെയ്യാനുള്ള ഓഫീസ് സംവിധാനങ്ങൾ ഡിസൈൻ ചെയ്യുക.