കണ്ണൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ കക്കാട് കാനനൂർ സ്പിന്നിംഗ് മിൽ തുറന്ന് പ്രവർത്തിപ്പിക്കുക, എല്ലാ തൊഴിലാളികൾക്കും വേതനം വിതരണം ചെയ്യുക, മാനേജ്‌മെന്റിന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ തൊഴിലാളികൾ സത്യാഗ്രഹം നടത്തി.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്, എൻ.എൽ.ഒ എന്നീ സംഘടനകൾ സമരത്തിന് നേതൃത്വം നൽകി. അഡ്വ. ടി.ഒ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ. മനോജ് കുമാർ, കെ.പി കിഷോർ കുമാർ എന്നിവർ സംബന്ധിച്ചു.