പഴയങ്ങാടി: സുനാമി ബാധിതർക്കായി സർക്കാർ നിർമ്മിച്ച് നൽകിയ ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്നവരിൽ പലരും അനർഹരെന്ന് ആക്ഷേപം. മാടായി പഞ്ചായത്തിലെ സുനാമി ബാധിതമേഖലകളായ പുതിയങ്ങാടി, പുതിയവളപ്പ് ,ചൂട്ടാട്, ബീച്ച് റോഡ് എന്നിവിടങ്ങളിലെ 40 കുടുംബങ്ങൾക്കാണ് ചൂട്ടാട് ഏരിപ്രത്ത് ഫ്ളാറ്റുകൾ നിർമ്മിച്ചുനൽകിയത്.
2013ൽ ഇരിട്ടി താലൂക്ക് ഉദ്ഘാടന വേളയിൽ 33 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി ഫ്‌ളാറ്റുകളുടെ താക്കോൽദാനം നടത്തുകയും ബാക്കി ഏഴ് കുടുംബങ്ങൾക്ക് വില്ലേജും പഞ്ചായത്തും ചേർന്ന് അർഹരെ കണ്ടെത്തി നൽകുകയുമായിരുന്നു. എന്നാൽ ഇന്ന് ഇവിടെ താമസിക്കുന്നതിൽ ഭൂരിപക്ഷവും യഥാർത്ഥ അവകാശികൾ അല്ലെന്നാണ് ആരോപണം. ഉടമസ്ഥരുടെ ബന്ധുക്കളും മറ്റുമാണ് ചിലയിടങ്ങളിൽ താമസം.
വാടകയ്ക്ക് കൈമാറിയവരും ഇക്കൂട്ടത്തിലുണ്ട്. രണ്ട് മുറികളും വരാന്തയും ഒരു കുളിമുറിയും ഉള്ള ഫ്‌ളാറ്റുകളിൽ എട്ടും പത്തും ഫ്‌ളാറ്റുകളിൽ അനർഹർ താമസിച്ചാൽ പൂട്ടി സീൽ വെക്കാൻ വ്യവസ്ഥ ഉണ്ടെങ്കിലും വില്ലേജ് അധികൃതർ ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മാലിന്യം ഒരു പ്രശ്നമാണ്
മാലിന്യം സംസ്കരിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്തതും ഫ്ളാറ്റുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ചുറ്റുമതിൽ ഇല്ലാത്തത് കാരണം പ്രദേശം ഇഴജീവികളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. അനർഹരായവരടക്കം കൂടുതൽ പേർ എത്തിയതാണ് മാലിന്യപ്രശ്നത്തിന്റെ പ്രധാന കാരണമെന്ന് പരിസരവാസികൾ പറയുന്നു.