kahder
അബ്ദുൾ ഖാദർ

കരിവെള്ളൂർ: അടിയന്തരാവസ്ഥയിലെ ജനരോഷത്തിന്റെ പ്രതീകമായി ഒന്നര ദശകം മുമ്പുവരെ കരിവെള്ളൂരിന്റെ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ ചുമരിൽ ഈ മുദ്രാവാക്യം നിറഞ്ഞുനിന്നിരുന്നു. ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന‌് മലയാളത്തിലും ‘ഇന്ത്യ ഈസ‌് നോട്ട‌് ഇന്ദിര’ എന്ന‌് ഇംഗ്ലീഷിലും. ഇന്ദിരാഗാന്ധി റോഡുമാർഗം കടന്നുപോകുമ്പോൾ അവർക്ക‌് കാണാൻ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകൾ.

തലമുറകളുടെ മനസ്സിൽ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ ദേശീയപാതയ‌്ക്ക‌് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവർന്നെങ്കിലും ആ ചുമരെഴുത്തിന‌് വിരൽ ചലിപ്പിച്ച വെള്ളച്ചാലിലെ നങ്ങാരത്ത‌് അബ്ദുൾ ഖാദറെന്ന ‘ബീഡി ഖാദർക്ക’യുടെ ഓർമകളിൽ എന്നും പ്രതിഷേധത്തിന്റെ ചൂടാറാതെ നിന്നിരുന്നു.

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ് 'കാദറിച്ച' എന്ന് നാട്ടുകാർ വിളിച്ചിരുന്ന അബ്ദുൾ ഖാദർ കരിവെള്ളൂരിലെ പഴയ കെട്ടിടത്തിന്റെ ചുമരിൽ കുമ്മായം ഉപയോഗിച്ച് ഇന്ദിരാ വിരുദ്ധ മുദ്രാവാക്യം എഴുതിയത്. സുഹൃത്തായ അബ്ദുൾ ഖാദറും കൂടെയുണ്ടായിരുന്നു. മംഗലാപുരത്ത് വിമാനമിറങ്ങി ദേശീയപാതയിലുടെ പോരുന്ന ഇന്ദിരാഗാന്ധി കാണാനായിരുന്നു ഈ എഴുത്ത്.

പൊലീസോ ഒറ്റുകാരോ കണ്ടാൽ ജയിൽവാസവും മർദ്ദനവും ഉറപ്പായിരുന്ന കാലത്താണ് ഈ ധീരത.

റേഷൻ കടയിൽ ജീവനക്കാരനായിരിക്കെ മുണ്ടവളപ്പിൽ കല്യാണിയെ ജീവിത സഖിയാക്കിയും വിപ്ളവം സൃഷ്ടിച്ചു. മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നഴ‌്സിംഗ് അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം.

ഈ 80 കാരൻ പിന്നീട് കരിവെള്ളൂരിൽ നിന്ന് കൊടക്കാടേക്ക് മാറി. ദിനേശ് സംഘം രൂപീകരിച്ചതു മുതൽ പ്രമോട്ടറായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്തതിനാൽ ബീഡി ഖാദർക്കയെന്നാണ് നാട്ടിലെ വിളിപ്പേര്. ശിവകുമാർ കാങ്കോൽ 'ആകാശ മിഠായി' എന്ന പേരിൽ ഖാദറിന്റെയും കല്യാണിയുടെയും പ്രണയജീവിതം ഹ്രസ്വസിനിമയാക്കിയിട്ടുണ്ട്.