mahe-palam
വിദഗ്ദ്ധ സംഘം മാഹി പാലം സന്ദർശിച്ച് ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ചന്ദ്രദാസുമായി സംസാരിക്കുന്നു

മാഹി: കണ്ണൂർ-കോഴിക്കോട് ജില്ലകളെയും കേന്ദ്ര ഭരണ പ്രദേശമായ മാഹിയേയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ മാഹി പാലത്തിലെ ബലക്ഷയം നേരിട്ട് മനസിലാക്കാൻ വിദഗ്ദ്ധ സംഘമെത്തി. സ്ലാബുകൾക്കിടയിലെ തകർന്ന ചാനലുകളും, പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് ഭാഗങ്ങളുമടക്കം പരിഹരിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കും. മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് പാലത്തിന്റെ അടിഭാഗം ഉൾപ്പെടെ വിശദവും സമഗ്രവുമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എ. മുഹമ്മദ്, കണ്ണൂർ എക്സി: എൻജിനീയർ ബെന്നി ജോൺ, അസി: എൻജിനീയർ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കാലത്ത് പരിശോധന നടത്തിയത്. പാലത്തിന്റെ തകരാറുകൾ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ഉടനെ നടത്തുമെന്നും, എന്നാൽ പാലത്തിന് കാര്യമായ ബലക്ഷയമില്ലെന്നും സംഘം അറിയിച്ചു.

കേന്ദ്ര ദേശീയപാതാ വിഭാഗമാണ് ഫണ്ട് അനുവദിക്കേണ്ടത്. പാലത്തിന്റെ അവസ്ഥ നേരത്തെ അറിയിച്ചിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുമെന്നും ഫണ്ട് അനുവദിച്ചുകിട്ടിയാലുടൻ അറ്റകുറ്റപ്പണി നടത്താനാവും. രണ്ടാഴ്ചയോളം പാലം പൂർണ്ണമായും അടച്ചിടേണ്ടി വരും. പാലത്തിന്റെ സ്ലാബുകൾക്കിടയിലെ തകർച്ച പരിഹരിക്കും. ജോയിന്റിലെ പൊട്ടിയ സ്റ്റീൽ ചാനലുകൾ മാറ്റി പുതിയത് സ്ഥാപിക്കും. തകർന്ന് പൊടിഞ്ഞ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കി പുതുതായി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും.
തോണിയിൽ സഞ്ചരിച്ച് പാലത്തിന്റെ അടിഭാഗത്തും സംഘം പരിശോധന നടത്തി. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസനും പരിശോധന സംഘത്തിനൊപ്പം ഉണ്ടായിരുന്നു.


പുതിയ പാലമെന്ന ആശയം നിലവിൽ ദേശീയപാതാ അതോറിറ്റിക്ക് മുന്നിലില്ല. പണി നടന്നുകൊണ്ടിരിക്കുന്ന തലശ്ശേരി- മാഹി ബൈപ്പാസ് റോഡിന് വേണ്ടി മയ്യഴിപ്പുഴയിൽ പാലം നിർമ്മിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന് താൽപ്പര്യമുണ്ടെങ്കിൽ പുതിയ പാലം നിർമ്മിക്കാം.

എ. മുഹമ്മദ്, ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ

വേണ്ടത് പുതിയ പാലം തന്നെ

സംസ്ഥാന സർക്കാരും ദേശീയപാതാ വിഭാഗവും ന്യൂമാഹി പഞ്ചായത്തും ഇടപെട്ട് അപകടാവസ്ഥയിലായ മാഹിപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുവാൻവേണ്ട പദ്ധതി അടിയന്തരമായി കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്ന് ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എട്ട് മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ മാഹിപ്പാലം ഇത്രയും പെട്ടെന്ന് തകരാനുണ്ടായസാഹചര്യം അന്വേഷണവിധേയമാക്കണമെന്നും കണ്ണൂർ ജില്ലാ സെൽ കോ ഓർഡിനേറ്റർ എം.പി സുമേഷ് ആവശ്യപ്പെട്ടു.

പുതുച്ചേരിയിലെയും കേരളത്തിലെയും ജനങ്ങൾക്ക് ഒരു പോലെ അനിവാര്യമായ മാഹി പാലം ഇരുസർക്കാറുകളും സംയുക്തമായി നിർമ്മിക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു.