കണ്ണൂർ: സിമന്റ് വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ നിർമാണ മേഖല ചെറിയതോതിൽ ചലിക്കാൻ തുടങ്ങിയ സമയത്താണ് സിമന്റ് വ്യാപാരരംഗം പ്രതിസന്ധിയിലായിരിക്കുന്നത്.

ഗ്രാമപ്രദേശങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ വികസനം തടസപ്പെടുകയാണ്. നിർമാണം സ്തംഭിക്കുന്നത് മറ്റ് എല്ലാ വ്യാപാരമേഖലയും സാരമായി ബാധിച്ചിട്ടുണ്ട്. വായ്പയെടുത്തും, പണയം വച്ചും തുടങ്ങിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായിട്ടുള്ള സിമന്റ് വ്യാപാര പ്രതിസന്ധി ഈ മേഖലയിൽ പ്രവൃത്തി എടുക്കുന്ന മറുനാടൻ തൊഴിലാളികൾ ഉൾപ്പടെയുള്ള എല്ലാ തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവീടുകയാണ്.

പ്രശ്നത്തിൽ ഇടപെട്ടു പരിഹാരം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും അയച്ച നിവേദനത്തിൽ ആവശ്യപെട്ടതായി ചേംബർ ഭാരവാഹികളായ പ്രസിഡന്റ് കെ. വിനോദ് നാരായണൻ, ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി എന്നിവർ ആവശ്യപ്പെട്ടു.