കാസർകോട്: ചുമർചിത്ര രചനയിലും, പാഴ്‌വസ്തുക്കൾ കൊണ്ടുള്ള കരകൗശല വസ്തു നിർമാണത്തിലും ശ്രദ്ധേയയാവുകയാണ് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കെ.ശ്രീനന്ദ. ചുമർചിത്രത്തിനു പുറമേ ബോട്ടിൽ ആർട്ട്, ചുമരിൽ തൂക്കിയിടുന്ന അലങ്കാര വസ്തുക്കൾ, പേപ്പർ ക്രാഫ്റ്റ് എന്നിവയുടെ നിർമാണവും ശ്രീനന്ദയ്ക്ക് പ്രിയമാണ്.
ചെത്തിമിനുക്കിയ മരക്കൊമ്പ്, തെങ്ങിൻ കുലച്ചിൽ, വിവിധ ചെടികളുടെ വിത്തുകൾ എന്നിവ ഉപയോഗിച്ചും ഒന്നാന്തരം അലങ്കാര വസ്തുക്കൾ ശ്രീനന്ദ ഒരുക്കും. ചെറുപ്രായത്തിൽ തന്നെ ചിത്രം വരയിൽ താൽപര്യം കാണിച്ചുതുടങ്ങിയ ഈ പെൺകുട്ടിയെ ചിത്രരചനാ പഠനത്തിനു ചേർക്കുകയായിരുന്നു. എന്നാൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഒരു മാർഗനിർദ്ദേശവും ഈ എട്ടാംക്ളാസുകാരിയ്ക്ക് ലഭിച്ചിട്ടില്ല. ബേഡകം ലിറ്റിൽ തീയറ്ററിലെ കലാകാരികൂടിയായ ഈ കുട്ടി അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മിനിയേച്ചർ നിർമ്മാണത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്ന് നന്ദ പറഞ്ഞു.
കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവർ കെ. മധുസൂദനൻ നമ്പ്യാരുടെയും പെരിയയിൽ പ്രിന്റിംഗ് പ്രസ് നടത്തുന്ന ബേബി മധുവിന്റെയും മകളാണ് ശ്രീനന്ദ. സഹോദരൻ സൂര്യനന്ദ്.