cpz-mariakutti
കൂട്ടമാക്കൽ മറിയക്കുട്ടി

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കാക്കയംചാൽ പടത്തടത്തെ കൂട്ടമാക്കൽ മറിയക്കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ നുണപരിശോധന നടത്തി. കഴിഞ്ഞയാഴ്ച തൃശൂരിൽ ഏഴ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. കുടുംബാംഗങ്ങളും കർമ്മസമിതിയംഗങ്ങളും മറ്റുള്ളവരും ഉൾപ്പെടെയുള്ളവരെയാണ് പരിശോധിച്ചത്

2012 മാർച്ച് അഞ്ചിന് രാവിലെ ഒൻപത് മണിയോടെയാണ് കാക്കയംചാൽ പടത്തടത്തെ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മറിയക്കുട്ടിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമ്മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.

മറിയക്കുട്ടിയുടെ മക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. സി.ബി.ഐ സംഘം കേസ് ഏറ്റെടുത്തിട്ട് ഇപ്പോൾ രണ്ട് വർഷത്തിലേറെയായി. നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ശാസ്ത്രീയ തെളിവുകൾ കൂട്ടിയിണക്കി കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.