കണ്ണൂർ: ദേശീയപാത വളപട്ടണം പാലത്തിന് ഇരുഭാഗങ്ങളിലുമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതരൊരുങ്ങുന്നു. തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹന ഡ്രൈവർമാരുടെ അച്ചടക്കമില്ലായ്മയാണ് പലപ്പോഴും കുരുക്കിന് കാരണമാകുന്നതെന്നാണ് അധികൃതരുടെ വാദം. ഇത് പരിഹരിക്കാൻ കുരുക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ റോഡുകളിൽ വരകളിട്ട് ഗതാഗതം നിയന്ത്രിക്കും. കൂടാതെ കാൾടെക്സ് ജംഗ്ഷനിലേതു പോലെ ട്രാഫിക് സർക്കിൾ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി തുടങ്ങിയെന്നാണ് പി.ഡബ്‌ള്യു..ഡി അധികൃതർ വ്യക്തമാക്കുന്നത്. ട്രാഫിക് പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുമെന്നും ഇവർ പറഞ്ഞു.
ദേശീയപാതയിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുരുക്കിൽപെടുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധമാണുയരുന്നത്. റോഡിലെ കുഴികളാണ് ഗതാഗത കുരുക്കിന് കാരണമെന്ന് ചൂണ്ടികാട്ടിയതിനെ തുടർന്ന് ഇത് പരിഹരിച്ചിട്ടുണ്ട്. എന്നിട്ടും കുരുക്ക് തുടരുകയാണ്. വാഹനങ്ങളും യാത്രക്കാരും കൂടുതലുള്ള രാവിലെ എട്ട് മണി മുതൽ പതിനൊന്ന് മണി വരെയും വൈകുന്നേരം മൂന്ന് മുതൽ ആറ് മണി വരെയുമാണ് വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതകുരുക്കിൽ അകപ്പെടുന്നത്. ഈ സമയങ്ങളിൽ പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടാകുന്നത്.
ഡ്രൈവർമാരിൽ പലരും റോഡിൽ പുലർത്തേണ്ട മര്യാദ കാട്ടിയിരുന്നു എങ്കിൽ വളപട്ടണത്തെയും പുതിയതെരുവിലെയും ഗതാഗതകുരുക്ക് ഒഴിവാക്കാൻ കഴിയും. തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ അച്ചടക്കമില്ലായ്മ കുരുക്കിനുള്ള പ്രധാന കാരണമാണ്. വളപട്ടണത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉടൻ നടപടി എടുക്കും.
ടി. പ്രശാന്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ